ഇരിട്ടി: ഓണം, നബിദിന ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും കർശന പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രദേശത്ത് മഞ്ഞപ്പിത്തവും എലിപ്പനിയും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നിർദേശം.
ഇരിട്ടി ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ സി.പി. സലീം മുന്നോട്ടുവെച്ച പ്രധാന ആരോഗ്യ നിർദേശങ്ങൾ:
പാനീയങ്ങളും കുടിവെള്ളവും: ആഘോഷങ്ങളിൽ തണുത്ത പാനീയങ്ങൾ പൂർണമായും ഒഴിവാക്കുക. ചൂടുള്ള പാനീയങ്ങളും തിളപ്പിച്ചാറിയ വെള്ളവും മാത്രം ഉപയോഗിക്കുക. വലിയ അളവിൽ ഭക്ഷണം പാകം ചെയ്യുന്നയിടങ്ങളിൽ സുരക്ഷിതമായ കുടിവെള്ളം ഉറപ്പാക്കണം.
ചടങ്ങുകൾ മുൻകൂട്ടി അറിയിക്കണം: വിവാഹങ്ങൾ ഉൾപ്പെടെ ആളുകൾ കൂടുതലായി പങ്കെടുക്കുന്ന പരിപാടികൾ 20 ദിവസം മുമ്പ് ആരോഗ്യ വകുപ്പിനെ അറിയിക്കണം. മഞ്ഞപ്പിത്ത പ്രതിരോധ നിർദേശങ്ങൾ കൃത്യമായി നടപ്പാക്കാനാണിത്.
ഹെൽത്ത് കാർഡും വാട്ടർ സാമ്പിളും: ഹോട്ടൽ-കൂൾബാർ ജീവനക്കാർ രണ്ടാഴ്ചയ്ക്കകം മെഡിക്കൽ ഫിറ്റ്‌നസ് (ഹെൽത്ത് കാർഡ്) ഹാജരാക്കണം. ആരോഗ്യ പ്രവർത്തകർ മുഖേന ശേഖരിക്കുന്ന വാട്ടർ സാമ്പിൾ പരിശോധനാ ഫലം മാത്രമേ അംഗീകരിക്കൂ.
മഞ്ഞപ്പിത്ത ജാഗ്രത: രോഗാണു ശരീരത്തിൽ പ്രവേശിച്ച് ലക്ഷണങ്ങൾ പുറത്തുവരാൻ ഒന്നര മാസം വരെ സമയമെടുക്കുമെന്നതിനാൽ രോഗബാധിതരും അടുത്ത സമ്പർക്കത്തിലുള്ളവരും പൊതുപരിപാടികളിൽ ഭക്ഷണം കൈകാര്യം ചെയ്യുന്നതിൽ നിന്ന് മാറിനിൽക്കണം. മഞ്ഞപ്പിത്ത ബാധിതരുടെ വീടുകളിലേക്ക് അതിഥികൾ വരുന്നത് ഒഴിവാക്കണം.
സ്‌കൂളുകളിലെ ജാഗ്രത: സ്‌കൂൾ ശുചിമുറികളിൽ സോപ്പ് ഉറപ്പാക്കണം. കുട്ടികൾ ഭക്ഷണവും വെള്ളവും പങ്കുവെക്കരുത്.
എലിപ്പനി നിർദേശം (ചെളിക്കളി): മുറിവുകളിലൂടെ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് എലിപ്പനി പടരാൻ സാധ്യതയുള്ളതിനാൽ ഓണാഘോഷത്തിന്റെ ഭാഗമായി ചെളിക്കളി (Mud Play) സംഘടിപ്പിക്കുന്നുണ്ടെങ്കിൽ പങ്കെടുക്കുന്നവർ ആരോഗ്യ പ്രവർത്തകരിൽ നിന്ന് നിർബന്ധമായും പ്രതിരോധ ഗുളിക വാങ്ങി കഴിക്കണം. 12 വയസ്സിന് താഴെയുള്ള കുട്ടികളെ ചെളിക്കളിയിൽ പങ്കെടുപ്പിക്കരുത്.

