കണ്ണൂർ: പ്രമുഖ എഴുത്തുകാരനും നാടകപ്രവർത്തകനുമായ ടി.കെ.ഡി. മുഴപ്പിലങ്ങാട് (80) അന്തരിച്ചു. വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.
ഈ മാസം 18-ന് രാത്രി മുഴപ്പിലങ്ങാട് മഠം ഭാഗത്തുളള സർവീസ് റോഡിൽനിന്ന് ദേശീയപാത കുറുകെ കടക്കുന്നതിനിടെ വാനിടിച്ചാണ് അദ്ദേഹത്തിന് ഗുരുതരമായി പരുക്കേറ്റത്. കഴുത്തിനും തലയ്ക്കും സാരമായി പരുക്കേറ്റിരുന്നു.
എഴുത്തുകാരൻ, നാടകകൃത്ത്, പത്രാധിപർ, പ്രഭാഷകൻ, കലാസംഘാടകൻ എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം 40-ഓളം പുസ്തകങ്ങളും 50-ഓളം നാടകങ്ങളും രചിച്ചിട്ടുണ്ട്. സാഹിത്യ-സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനകൾക്ക് കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, ഗുരുപൂജ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
‘ഉണ്ണിക്കുട്ടനും കഥകളിയും’ എന്ന പുസ്തകത്തിനും ‘സിദ്ധാർഥൻ ഉറങ്ങുന്നില്ല’ എന്ന നാടകത്തിനും സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചു.
‘കണ്ണൂർ നോവൽ മാസിക’, ‘ആശയം ബുക്സ്’, ‘തലശേരി ദേശം’, ‘ജനനാദം’, ‘എക്സ്റേ’ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി പ്രവർത്തിച്ചു. കണ്ണൂർ സർഗവേദി, തലശേരി സാഹിത്യ കൂട്ടായ്മ, മലബാർ നാടൻപാട്ട് സംഘം എന്നിവയുടെ ഭാരവാഹിയായിരുന്നു.

