കോഴിക്കോട്: വ്യാജ പോലീസ് ഐഡി കാർഡും യൂണിഫോമും ഉപയോഗിച്ച് ഡാൻസാഫ് എസ്.ഐ ചമഞ്ഞ് ലഹരി വസ്തുക്കൾ പിടിച്ചെടുത്ത് മറിച്ചുവിറ്റിരുന്ന യുവാവ് പോലീസിന്റെ പിടിയിലായി. ഫറോക്ക് ചുങ്കം സ്വദേശി റോജിത്തിനെയാണ് ഫറോക്ക് പോലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. രാമനാട്ടുകര ഭാഗത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
പ്രതിയിൽ നിന്ന് എയർ പിസ്റ്റൾ, കൈവിലങ്ങ്, 2.5 ഗ്രാം എം.ഡി.എം.എ എന്നിവ പോലീസ് പിടിച്ചെടുത്തു. വ്യാജ ഐഡി കാർഡും എസ്.ഐയുടെ യൂണിഫോമും ധരിച്ചാണ് ഇയാൾ തട്ടിപ്പുകൾ നടത്തിയിരുന്നത്.
ലഹരിവസ്തുക്കൾ കൈവശം വെയ്ക്കുന്ന യുവാക്കളെ പിന്തുടർന്ന് ചെന്ന് താൻ ഡാൻസാഫ് ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാൾ തട്ടിപ്പ് തുടങ്ങിയിരുന്നത്. തുടർന്ന് യുവാക്കളുടെ പക്കലുള്ള ലഹരിവസ്തുക്കൾ പിടിച്ചെടുക്കുകയും കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി അവരിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു രീതി. ഇങ്ങനെ യുവാക്കളിൽ നിന്ന് വ്യാജമായി പിടിച്ചെടുക്കുന്ന ലഹരിവസ്തുക്കൾ പിന്നീട് മറ്റുള്ളവർക്ക് മറിച്ചുവിറ്റും ഇയാൾ പണം സമ്പാദിച്ചിരുന്നു.
ഇയാളുടെ തട്ടിപ്പുകളെക്കുറിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ കൃത്യമായ അന്വേഷണത്തിനൊടുവിലാണ് രാമനാട്ടുകരയിൽ വെച്ച് പ്രതി പിടിയിലാകുന്നത്.

