“വി.എസ്സിനെപ്പോലെ ജനങ്ങൾ തിരികെ വിളിക്കുമായിരുന്നു”; പിണറായിക്കെതിരെ സി. ദിവാകരൻ

29 August 2026
“വി.എസ്സിനെപ്പോലെ ജനങ്ങൾ തിരികെ വിളിക്കുമായിരുന്നു”; പിണറായിക്കെതിരെ സി. ദിവാകരൻ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി സി.പി.എം. – സി.പി.ഐ. തർക്കം തുടരുന്നതിനിടെ, പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ തുറന്നടിച്ച് മുതിർന്ന സി.പി.ഐ. നേതാവ് സി. ദിവാകരൻ.

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറിനിൽക്കണമായിരുന്നുവെന്ന് ദിവാകരൻ പറഞ്ഞു. സ്വയം മാറിനിന്നിരുന്നെങ്കിൽ, വി.എസ്. അച്യുതാനന്ദനെപ്പോലെ ജനങ്ങൾ അദ്ദേഹത്തെയും തിരികെ വിളിക്കുമായിരുന്നു.

പിണറായി വിജയനിൽനിന്ന് കൂടുതൽ വിശാലമായ കമ്മ്യൂണിസ്റ്റ് നിലപാടാണ് പ്രതീക്ഷിച്ചതെന്നും അതില്ലാത്തതിൽ കടുത്ത അമർഷവും വേദനയുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻപ് വി.എസിന് സീറ്റ് നിഷേധിച്ചപ്പോൾ ജനങ്ങൾ പ്രതിഷേധിച്ച് അദ്ദേഹത്തെ തിരികെ കൊണ്ടുവന്നത് ചൂണ്ടിക്കാട്ടിയ ദിവാകരൻ, ആ ജനവികാരം കാണാൻ പിണറായി തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു.

സി.പി.എം. നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾ സി.പി.ഐയെ അവഹേളിക്കുന്നതാണെന്നും, തങ്ങളുടെ ഇടതുപക്ഷ ആത്മാർത്ഥത ചോദ്യം ചെയ്യാൻ യോഗ്യതയുള്ള ആരും ഇന്ന് കേരളത്തിലില്ലെന്നും ദിവാകരൻ കൂട്ടിച്ചേർത്തു.