കാഠ്മണ്ഡു: നേപ്പാളിലുണ്ടായ വിനാശകരമായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ കുത്തനെ ഉയരുന്നു. പ്രളയമുണ്ടായി അഞ്ചാം നാളിലും ദുരന്തമേഖലകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം 768 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത് ചിത്വാനിൽ നിന്നാണ് ഇവിടെ നിന്ന് മാത്രം 259 മൃതദേഹങ്ങൾ വീണ്ടെടുത്തു.
278 ഇന്ത്യക്കാർ ഉൾപ്പെടെ 2,502 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. പ്രളയത്തിൽ പെട്ട 8,730 പേരെ ഇതുവരെ രക്ഷപ്പെടുത്താനായെന്ന് നേപ്പാൾ ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.
ഹൈഡ്രോപവർ പ്രൊജക്റ്റുകളുടെ തുരങ്കങ്ങളിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ ഇന്ത്യയിൽ നിന്നുള്ള പ്രത്യേക തുരങ്ക രക്ഷാപ്രവർത്തന സംഘം നേപ്പാളിലെത്തി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഫോറൻസിക് വിദഗ്ധരുടെ സംഘവും ഡിഎൻഎ പരിശോധനാ നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.
അതേസമയം, പ്രളയമേഖലകളിൽ താൽക്കാലികമായി രൂപപ്പെട്ട തടയണകൾ ഏതുനിമിഷവും തകരാൻ സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തകർക്കും പ്രദേശവാസികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

