കർണാടക ആർ.ടി.സി ബസിൽ പരിശോധന: അടിവസ്ത്രത്തിൽ ഒളിപ്പിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

7 September 2026
കർണാടക ആർ.ടി.സി ബസിൽ പരിശോധന: അടിവസ്ത്രത്തിൽ ഒളിപ്പിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

ബത്തേരി: എം.ഡി.എം.എയും ലഹരി ഗുളികകളുമായി നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ പോലീസ് പിടികൂടി. കാസർഗോഡ് പെരിയടുക്ക അൻസാർ മൻസിലിൽ പി.എ. അൻസാർ (27) ആണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെയും ബത്തേരി പോലീസിന്റെയും സംയുക്ത പരിശോധനയിൽ പിടിയിലായത്.

കഴിഞ്ഞ ദിവസം രാവിലെ കർണാടക ആർ.ടി.സി ബസിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. സംശയം തോന്നി നടത്തിയ പരിശോധനയിൽ ഇയാളുടെ അടിവസ്ത്രത്തിനുള്ളിൽ നിന്ന് 14.91 ഗ്രാം എം.ഡി.എം.എയും 1.21 ഗ്രാം തൂക്കം വരുന്ന രണ്ട് ലഹരി ഗുളികകളും കണ്ടെത്തുകയായിരുന്നു. പ്രതിയായ അൻസാറിനെതിരെ കാസർഗോഡ് ജില്ലയിൽ ലഹരിക്കടത്ത്, മോഷണം, വധശ്രമം, അതിക്രമിച്ചു കടക്കൽ ഉൾപ്പെടെ പത്തോളം കേസുകൾ നിലവിലുണ്ട്.

ബത്തേരി ഇൻസ്പെക്ടർ എസ്.എച്ച്.ഒ കെ.എസ്. അജേഷിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ സനൽ, ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന കുഞ്ഞിരാമൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശിവദാസൻ, ദീപേഷ് രാജൻ, സുരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.