തിരുവനന്തപുരം: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കൈക്കൂലിയാണെന്ന് ആരോപിച്ച് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ഭാര്യ വീണ വിജയൻ എന്നിവരടക്കമുള്ളവർക്കെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആവശ്യത്തോട് പ്രതികരിച്ച് പി.എ.മുഹമ്മദ് റിയാസ്. ഏത് അന്വേഷണവും വരട്ടെയെന്നും തങ്ങളാരും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും റിയാസ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര ഏജൻസിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ ചൂണ്ടിക്കാട്ടിയ റിയാസ്, ഇ.ഡിയുടെ നീക്കങ്ങൾക്ക് പിന്നിലെ തിരക്കഥ മോശമല്ലെന്ന് പരിഹസിച്ചു. “ഒരു അന്വേഷണത്തെയും ഭയപ്പെടുന്നില്ല. ജീവിക്കുന്ന മനുഷ്യന്റെ പച്ചയിറച്ചി കടിച്ച് തിന്ന് രസിക്കുന്നതിന് സമാനമായ കാര്യങ്ങളാണ് കുറച്ച് കാലങ്ങളായി നടക്കുന്നത്. ഈ നീക്കങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടും,” റിയാസ് വ്യക്തമാക്കി.
അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. റിപ്പോർട്ടിലെ നിയമവശങ്ങൾ പരിശോധിച്ചായിരിക്കും സർക്കാരിന്റെ അടുത്ത നീക്കം.

