അസമിൽ വ്യോമസേനയുടെ എഎൻ-32 വിമാനം ലാൻഡിംഗിനിടെ അപകടത്തിൽപ്പെട്ടു

13 June 2026
അസമിൽ വ്യോമസേനയുടെ എഎൻ-32 വിമാനം ലാൻഡിംഗിനിടെ അപകടത്തിൽപ്പെട്ടു

അസമിലെ ജോർഹട്ട് വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ എഎൻ-32 (AN-32) ട്രാൻസ്പോർട്ട് വിമാനം അപകടത്തിൽപ്പെട്ടു. ശനിയാഴ്ച ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് വിമാനം അപകടത്തിൽപ്പെട്ടത്. റൺവേയിൽ തൊട്ടതിന് പിന്നാലെ വിമാനത്തിന് തീപിടിച്ചതായാണ് പ്രാഥമിക വിവരങ്ങൾ.

റൗറിയ ഏരിയയിലുള്ള വ്യോമസേനാ താവളത്തിനുള്ളിൽ വെച്ചാണ് അപകടമുണ്ടായത്. വിമാനത്തിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് ബേസിലെ അഗ്നിശമന സേനാ വിഭാഗം ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് കുതിക്കുകയും തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. അപകടത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

അപകടത്തിൽ ആർക്കെങ്കിലും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന കാര്യം വ്യോമസേനാ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിവരമറിഞ്ഞ് വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.