കൊച്ചി: മന്ത്രിമാരുടെ ചാർട്ടേഡ് വിമാനയാത്രയെച്ചൊല്ലിയുള്ള വിവാദത്തിൽ പ്രതിപക്ഷം ആരോപണം ശക്തമാക്കുന്നു. ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ആരെന്ന് മുഖ്യമന്ത്രി മറച്ചുവെക്കുകയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗവും മുൻ വ്യവസായ മന്ത്രിയുമായ പി. രാജീവ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ യാത്രകൾ അങ്ങേയറ്റം ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ മംഗലാപുരം യാത്രയുടെ സ്പോൺസർ കാര്യത്തിലും മുഖ്യമന്ത്രി ഇതേ നിലപാടാണ് സ്വീകരിച്ചതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. “ഇത് ജനങ്ങളുടെ സർക്കാരല്ല, മുതലാളിമാരുടെ സർക്കാരാണ്. വൈദ്യുതി ഇല്ലാതെ നാട്ടുകാർ ബുദ്ധിമുട്ടുമ്പോൾ ‘സ്വകാര്യ നിമിഷങ്ങൾ ആസ്വദിക്കേണ്ടതില്ലേ’ എന്ന് ചോദിക്കുന്ന നീറോ ചക്രവർത്തിമാരാണ് ഇന്ന് കേരളം ഭരിക്കുന്നത്,” പി. രാജീവ് പരിഹസിച്ചു.
സണ്ണി ജോസഫ് ഇതുവരെ ഒരു മന്ത്രിയുടെ പക്വതയിലേക്ക് എത്തിയിട്ടില്ലെന്നും ഇരിക്കുന്ന സ്ഥാനത്തിന്റെ ഉത്തരവാദിത്തം മറന്നുള്ള പ്രസ്താവനകളാണ് മന്ത്രിമാരുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്പോൺസർമാരുടെ ചെലവിലാകുമ്പോൾ സർക്കാരിന് സാമ്പത്തിക നഷ്ടമില്ലെന്ന വാദം പൂർണ്ണമായും തെറ്റാണ്. മന്ത്രിമാർക്ക് സൗജന്യങ്ങൾ നൽകാൻ നിരവധി ആളുകൾ മുന്നോട്ടുവന്നേക്കാം. എന്നാൽ ഭരണാധികാരികൾ ബാഹ്യ സമ്മർദ്ദങ്ങൾക്കും വ്യക്തിപരമായ താത്പര്യങ്ങൾക്കും വിധേയരാകാതിരിക്കാനാണ് അവരുടെ ചെലവുകൾ സർക്കാർ തന്നെ വഹിക്കുന്നതെന്നും പി. രാജീവ് വ്യക്തമാക്കി.

