അസമിൽ വ്യോമസേന വിമാനം തകർന്നുവീണു; 5 സൈനികർക്ക് വീരമൃത്യു

13 June 2026
അസമിൽ വ്യോമസേന വിമാനം തകർന്നുവീണു; 5 സൈനികർക്ക് വീരമൃത്യു

അസമിലെ ജോർഹട്ട് വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ (IAF) AN-32 ഗതാഗത വിമാനം ലാൻഡിംഗിനിടെ തകർന്നുവീണു. അപകടത്തിൽ അഞ്ച് വ്യോമസേനാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. വിമാനത്തിന്റെ കോ-പൈലറ്റ് പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇദ്ദേഹം നിലവിൽ ചികിത്സയിലാണ്.

ശനിയാഴ്ച രാവിലെ മിലിട്ടറി താവളത്തിൽ ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെ വിമാനത്തിന് തീപിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ലാൻഡിംഗ് പൂർത്തിയായ ഉടൻ തന്നെ തീ പടർന്നതിനെ തുടർന്ന് എയർബേസിനുള്ളിൽ അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചു.

അനുശോചനം രേഖപ്പെടുത്തി വ്യോമസേന ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. അപകടത്തിൽ സ്ക്വാഡ്രൻ ലീഡർ പ്രശാന്ത് സിംഗ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് ശുഭം കുമാർ, സർജന്റ് ജിതേന്ദ്ര ശർമ്മ എന്നിവരും അഗ്നിവീർമാരായ ഖേമാറാം കുമാവത്, ഡാനിഷ് ആലം എന്നിവരുമുൾപ്പെടെ അഞ്ച് വ്യോമസേനാ ഉദ്യോഗസ്ഥർക്കാണ് ജീവൻ നഷ്ടമായത്.അപകടകാരണം കണ്ടുപിടിക്കാൻ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.