വാട്സാപ്പ് സന്ദേശങ്ങൾ അയക്കുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബർ 1 മുതൽ മെറ്റ നിർണായക മാറ്റങ്ങൾ പ്രാബല്യത്തിൽ വരുത്തി. ഇനി മുതൽ വാണിജ്യ സ്ഥാപനങ്ങൾ അയക്കുന്ന നിർദിഷ്ട സന്ദേശങ്ങൾക്ക് പണം ഈടാക്കും.
സൊല്യൂഷൻ പ്രൊവൈഡർമാരും ബിസിനസ് അക്കൗണ്ടുകളും സെപ്റ്റംബർ 30-നകം പേയ്മെന്റ് രീതികൾ ബന്ധിപ്പിക്കണമെന്ന് മെറ്റ നിർദേശിച്ചിരുന്നു. അല്ലാത്തപക്ഷം സേവന സന്ദേശങ്ങൾ അയക്കുന്നത് തടയുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
പ്രധാന വിവരങ്ങൾ:
ആരെ ബാധിക്കും?: ഈ മാറ്റം ബിസിനസ് അക്കൗണ്ടുകൾക്ക് മാത്രമാണ് ബാധകം. സാധാരണ വാട്സാപ്പ് ഉപയോക്താക്കളെ ഇത് ബാധിക്കില്ല.
സന്ദേശ നിരക്കുകൾ: ഒരു യൂട്ടിലിറ്റി സന്ദേശത്തിന് (ഓർഡർ കൺഫർമേഷൻ, ഡെലിവറി അപ്ഡേറ്റുകൾ തുടങ്ങിയവ) ജി.എസ്.ടി കൂടാത 0.115 രൂപയാണ് നിരക്ക്. 18% ജി.എസ്.ടി ഉൾപ്പെടെ ഇത് 0.136 രൂപയായിരിക്കും.
സൗജന്യ ആനുകൂല്യങ്ങൾ:
ഓരോ ബിസിനസ് ഫോൺ നമ്പറിനും പ്രതിമാസം ആദ്യത്തെ 1,000 സർവീസ് മറുപടികൾ സൗജന്യമായിരിക്കും.
ഫേസ്ബുക്ക് പേജ് പരസ്യങ്ങൾ വഴിയോ ‘മെസേജ് ബട്ടൺ’ വഴിയോ എത്തുന്ന ഉപഭോക്താക്കൾക്ക് 72 മണിക്കൂറിനുള്ളിൽ അയക്കുന്ന സന്ദേശങ്ങൾക്ക് നിലവിലുള്ള സൗജന്യ സേവനം തുടരും.

