മോഹൻ ഭാഗവതിന്റെ പരിപാടിയിൽ കേരളത്തിലെ വി.സിമാർ; ‘കാവിവൽക്കരണമെന്ന്’ എം.വി ഗോവിന്ദൻ, പ്രതികരണവുമായി മുഖ്യമന്ത്രി; സംഭവം സംസ്ഥാനത്ത് കടുത്ത രാഷ്ട്രീയ വിവാദത്തിന് വഴിവെക്കുന്നു

14 June 2026
മോഹൻ ഭാഗവതിന്റെ പരിപാടിയിൽ കേരളത്തിലെ വി.സിമാർ; ‘കാവിവൽക്കരണമെന്ന്’ എം.വി ഗോവിന്ദൻ, പ്രതികരണവുമായി മുഖ്യമന്ത്രി; സംഭവം സംസ്ഥാനത്ത് കടുത്ത രാഷ്ട്രീയ വിവാദത്തിന് വഴിവെക്കുന്നു

തിരുവനന്തപുരം: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത ഔദ്യോഗിക പ്രഭാഷണ പരിപാടിയിൽ കേരളത്തിലെ മൂന്ന് പ്രമുഖ സർവ്വകലാശാല വൈസ് ചാൻസലർമാർ സംഘാടകരായി പങ്കെടുത്തത് സംസ്ഥാനത്ത് കടുത്ത രാഷ്ട്രീയ വിവാദത്തിന് വഴിവെക്കുന്നു.

രാഷ്ട്രീയ നിഷ്പക്ഷത പുലർത്തേണ്ട ഉന്നത വിദ്യാഭ്യാസ തലപ്പത്തുള്ളവർ വർഗീയ-രാഷ്ട്രീയ സംഘടനയുടെ വേദി പങ്കിട്ടതിനെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി.

ഈ സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും വിസിമാർ കേരളീയ പൊതുസമൂഹത്തോട് പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന കാവിവൽക്കരണത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രൂക്ഷ വിമർശനമായി രംഗത്ത് വന്നു . ആർ.എസ്.എസ്. പരിപാടികളിൽ വൈസ് ചാൻസലർമാർ പങ്കെടുത്തതും മഹാത്മാഗാന്ധി സർവ്വകലാശാലയിൽ ഉൾപ്പെടെ നടന്ന സംഘപരിവാർ അനുകൂല നിയമനങ്ങളും മതനിരപേക്ഷത തകർക്കുന്നതാണെന്നാണ് അദ്ദേഹം ആരോപിച്ചു

ഉന്നതവിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിന് കോൺഗ്രസും യു.ഡി.എഫും പൂർണ്ണമായി കൂട്ടുനിൽക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സംഘപരിവാർ അജണ്ടയ്ക്ക് യു.ഡി.എഫ് സർക്കാർ കീഴടങ്ങുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി