കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടിൽ ഇ.ഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേസ് എടുക്കണമെന്ന കെ.എം. ഷാജഹാന്റെ ഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത്. പിണറായി വിജയനും മുഹമ്മദ് റിയാസിനും നിർണായക ദിവസമാണിത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിൽ കേസെടുക്കാൻ പര്യാപ്തമായ വിവരങ്ങളും തെളിവുകളും വ്യക്തമായി ഉണ്ടെന്നാണ് ഇ.ഡി ഹൈക്കോടതിയെ അറിയിച്ചിരുന്നത്. പ്രാഥമിക പരിശോധന നടത്തി കൈമാറിയ തെളിവുകളിൽ വീണ്ടും ഒരു പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യകതയില്ലെന്നും അന്വേഷണത്തിനുള്ള സമയപരിധി പോലും കഴിഞ്ഞുവെന്നും ഇ.ഡി വാദിച്ചു. എന്നാൽ വെറുമൊരു ഡയറിക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നും, ലഭിച്ച വിവരങ്ങളിൽ നിയമോപദേശം തേടി പ്രാഥമിക പരിശോന നടത്തുമെന്നുമായിരുന്നു സർക്കാരിന്റെ നിലപാട്.

