90’സ് കിഡ്സിന്റെ പ്രിയപ്പെട്ട ‘ഓർക്കുട്ട്’ തിരിച്ചെത്തുന്നു; ഉപയോക്താക്കളുടെ പിന്തുണ തേടി സ്ഥാപകൻ

9 October 2026
90’സ് കിഡ്സിന്റെ പ്രിയപ്പെട്ട ‘ഓർക്കുട്ട്’ തിരിച്ചെത്തുന്നു; ഉപയോക്താക്കളുടെ പിന്തുണ തേടി സ്ഥാപകൻ

2000-കളുടെ തുടക്കത്തിൽ ഇന്റർനെറ്റ് ലോകത്ത് തരംഗമായിരുന്ന ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ഓർക്കുട്ട്’ (Orkut) തിരികെ കൊണ്ടുവരാൻ ഒരുങ്ങി സ്ഥാപകൻ ഓർക്കുട്ട് ബുയൂക്കോക്ടെൻ. പഴയതുപോലെ വ്യാജ പ്രചാരണങ്ങളില്ലാത്ത യഥാർത്ഥ സൗഹൃദങ്ങൾക്കും മനുഷ്യബന്ധങ്ങൾക്കും മുൻഗണന നൽകുന്ന രീതിയിലായിരിക്കും പുതിയ പ്ലാറ്റ്‌ഫോം. ഇതിനായി ഇന്റർനെറ്റ് ഉപയോക്താക്കളുടെ പിന്തുണ അദ്ദേഹം തേടിയിട്ടുണ്ട്. എന്നാൽ ഇത് എപ്പോൾ പുറത്തിറങ്ങുമെന്ന തീയതി വെളിപ്പെടുത്തിയിട്ടില്ല.

‘ഇന്നത്തെ സോഷ്യൽ മീഡിയയ്ക്ക് വഴിപിഴച്ചു’: തുറന്ന കത്തുമായി സ്ഥാപകൻ

ഓർക്കുട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറത്തുവിട്ട തുറന്ന കത്തിലാണ് പ്ലാറ്റ്‌ഫോം പുനരാരംഭിക്കുന്നതിനെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സോഷ്യൽ മീഡിയയിലുണ്ടായ ദോഷകരമായ മാറ്റങ്ങളെ അദ്ദേഹം കത്തിൽ രൂക്ഷമായി വിമർശിച്ചു.

ഇന്നത്തെ പ്ലാറ്റ്‌ഫോമുകൾ യഥാർത്ഥ ബന്ധങ്ങളേക്കാൾ കൂടുതൽ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനും സമയം നഷ്ടപ്പെടുത്താനുമാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്റർനെറ്റ് സൗഹൃദങ്ങൾ കൂടുതൽ മാനുഷികമായിരുന്ന ആ പഴയകാലത്തെക്കുറിച്ച് അദ്ദേഹം ഓർത്തെടുത്തു. അക്കാലത്ത് ലോകത്തിന്റെ ഏതോ കോണിലുള്ള അപരിചിതനിൽ നിന്ന് ലഭിക്കുന്ന ഒരു സന്ദേശം പോലും വലിയ സന്തോഷമായിരുന്നു നൽകിയിരുന്നത്.

എന്നാൽ ഇന്നത്തെ സോഷ്യൽ മീഡിയകൾ പ്രവർത്തിക്കുന്നത് മനുഷ്യബന്ധങ്ങൾക്കായല്ല, മറിച്ച് അൽഗോരിതങ്ങൾക്കുവേണ്ടിയാണ്. അതുകൊണ്ട് തന്നെയാണ് ഇന്നത്തെ തലമുറ കടുത്ത ഏകാന്തതയും ഉത്കണ്ഠയും അനുഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.