വാഷിങ്ടൺ: റഷ്യയിൽനിന്നുള്ള ഡീസൽ ഇറക്കുമതി കരാറിനെ ചൊല്ലി വിമർശനം ശക്തമായതോടെ വിശദീകരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. റഷ്യയിൽനിന്ന് എത്തുന്ന ഡീസൽ അമേരിക്കയ്ക്ക് നേരിട്ട് ഉപയോഗിക്കാനല്ലെന്നും ഉയർന്ന ഇന്ധനവില നിയന്ത്രിക്കുന്നതിനായി ആഗോള വിപണിയിൽ ലഭ്യമാക്കാനാണെന്നും ട്രംപ് വ്യക്തമാക്കി. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനുമായി നടത്തിയ ചർച്ചകൾക്കു പിന്നാലെ പ്രഖ്യാപിച്ച കരാർ അമേരിക്കയിൽ രാഷ്ട്രീയ വിവാദമായിരിക്കെയാണ് അദ്ദേഹത്തിന്റെ വിശദീകരണം.
‘ഇതൊരു ഡീസൽ കരാറാണ്. നമുക്കുവേണ്ടിയുള്ളതല്ല. ആഗോള വിപണിയിലേക്കാണ് ഡീസൽ എത്തിക്കുന്നത്. അമേരിക്കയിലേക്കല്ല, ലോകത്തിനാകെയാണ് വിതരണം ചെയ്യുന്നത്.’ ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ഡീസൽ ശുദ്ധീകരണശാലകൾ പ്രവർത്തനരഹിതമാകുന്നത് ആഗോള ഇന്ധനവിപണിയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

