കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകിയ ശേഷമേ ഞാൻ ശമ്പളം വാങ്ങൂ: ഗതാഗത മന്ത്രി സി.പി. ജോൺ

15 June 2026
കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകിയ ശേഷമേ ഞാൻ ശമ്പളം വാങ്ങൂ: ഗതാഗത മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് കൃത്യസമയത്ത് പ്രതിമാസ ശമ്പളം ഉറപ്പാക്കിയതിന് ശേഷം മാത്രമേ താൻ മന്ത്രിയെന്ന നിലയിലുള്ള ശമ്പളം കൈപ്പറ്റുകയുള്ളൂ എന്ന് ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോൺ വ്യക്തമാക്കി.

കെഎസ്ആർടിസി നെയ്യാറ്റിൻകര ഡിപ്പോയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കുമായി നടപ്പിലാക്കിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി സ്ത്രീപക്ഷത്തെ ചരിത്രപരമായ ഇടപെടലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഈ പദ്ധതി കാരണം കെഎസ്ആർടിസിക്കുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത സർക്കാർ പൂർണ്ണമായും ഏറ്റെടുക്കും. ഇതിനാവശ്യമായ അധിക തുക സർക്കാർ കൃത്യമായി കോർപ്പറേഷന് കൈമാറുമെന്നും ജീവനക്കാർക്ക് ശമ്പള കാര്യത്തിൽ ആശങ്ക വേണ്ടെന്നും മന്ത്രി ഉറപ്പുനൽകി.

ഒപ്പം, കെഎസ്ആർടിസിയിലെ ഓപ്പറേറ്റിങ് വിഭാഗത്തിലുള്ള വനിതാ ജീവനക്കാർക്ക് ‘ആർത്തവാവധി’ (Menstrual Leave) അനുവദിക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മന്ത്രി സി.പി. ജോൺ കൂട്ടിച്ചേർത്തു.