സിഎംആർഎൽ സാമ്പത്തിക ക്രമക്കേട്: ശശിധരൻ കർത്തയുടെ മകൾ ഷിബിയെ ഇ.ഡി ചോദ്യം ചെയ്യുന്നു

15 June 2026
സിഎംആർഎൽ സാമ്പത്തിക ക്രമക്കേട്: ശശിധരൻ കർത്തയുടെ മകൾ ഷിബിയെ ഇ.ഡി ചോദ്യം ചെയ്യുന്നു

കൊച്ചി: കരിമണൽ കമ്പനിയായ സിഎംആർഎല്ലുമായി (CMRL) ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം ഊർജിതമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുമായി ബന്ധപ്പെട്ട് സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമായ നിപുണ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ ഷിബി എസ്. കർത്തയെ ഇ.ഡി ചോദ്യം ചെയ്തുവരികയാണ്. സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്തയുടെ മകളാണ് ഷിബി.

ഇതേ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ ശശിധരൻ കർത്തയുടെ മകനും സിഎംആർഎൽ ജോയിന്റ് മാനേജിങ് ഡയറക്ടറുമായ ശരൺ എസ്. കർത്തയ്ക്കും ഇ.ഡി നോട്ടീസ് അയച്ചിട്ടുണ്ട്.

കേസിലെ നിർണായക നീക്കമായി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്സാലോജിക് സൊല്യൂഷൻസ് ഉടമയുമായ ടി. വീണ വരും ബുധനാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിന് മുമ്പാകെ ചോദ്യം ചെയ്യലിനായി ഹാജരാകും. നേരത്തെ ജൂൺ 12-ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ വീണ സമയം നീട്ടി ചോദിക്കുകയായിരുന്നു. തുടർന്നാണ് ഇ.ഡി പുതിയ സമൻസ് അയച്ചത്.