യേശുവിനെ കാണിക്കാമെന്ന് പറഞ്ഞ് 191 പേരെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി; പാസ്റ്റർക്ക് 200 വർഷം തടവുശിക്ഷ

8 November 2026
യേശുവിനെ കാണിക്കാമെന്ന് പറഞ്ഞ് 191 പേരെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി; പാസ്റ്റർക്ക് 200 വർഷം തടവുശിക്ഷ

നെയ്റോബി: യേശുവിനെ കാണിച്ചുനൽകാമെന്ന് അവകാശപ്പെട്ട് അനുയായികളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ച് തലവൻ പാസ്റ്റർ പോൾ മക്കെൻസിക്ക് 200 വർഷത്തെ തടവുശിക്ഷ വിധിച്ചു. ലോകം അവസാനിക്കുന്നതിന് മുമ്പ് യേശുവിനെ കാണാനായി മരണം വരെ ഉപവസിക്കാനാണ് ഇയാൾ അനുയായികളോട് ആവശ്യപ്പെട്ടിരുന്നത്. മൊംബാസ ഹൈക്കോടതി ജസ്റ്റിസ് ഡയാന കവേദ്സയാണ് കേസിൽ വിധി പ്രസ്താവിച്ചത്. പട്ടിണിക്കിട്ട് കൊലപ്പെടുത്തിയതിന് 100 വർഷവും നേരിട്ടുള്ള കൊലപാതകങ്ങൾക്ക് 100 വർഷവും വീതമാണ് ശിക്ഷ വിധിച്ചത്.

കെനിയയുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള കിലിഫി കൗണ്ടിയിലെ മക്കെൻസി പള്ളിയിൽ നിന്ന് 15 ഇടവകക്കാരെ പോലീസ് രക്ഷപ്പെടുത്തിയപ്പോഴാണ് ഈ ക്രൂരത പുറംലോകമറിഞ്ഞത്. തുടർന്ന് ഇയാളുടെ ആരാധന സ്ഥലത്തിന് പരിസരത്തുള്ള ശാഖാഹോള വനമേഖലയിൽ നടത്തിയ പരിശോധനയിൽ അഞ്ഞൂറിലധികം ആളുകളുടെ മൃതദേഹങ്ങൾ ആഴമില്ലാത്ത കുഴികളിലും ചിലത് ശ്വാസം മുട്ടിച്ചും മർദ്ദിച്ചും കൊല്ലപ്പെട്ട നിലയിലും പോലീസ് കണ്ടെത്തുകയായിരുന്നു. പാസ്റ്ററുടെ നിർദ്ദേശം അക്ഷരാർത്ഥത്തിൽ പാലിച്ചതിനെ തുടർന്ന് 190 കുട്ടികളും മുതിർന്നവരുൾപ്പെടെ 191 പേരാണ് ദാരുണമായി മരണപ്പെട്ടത്.

ദിവസങ്ങളോളം പട്ടിണികിടന്ന കുട്ടികൾ ഭക്ഷണം മോഷ്ടിക്കാൻ ശ്രമിച്ചപ്പോൾ അവരെ ക്രൂരമായി മർദ്ദിക്കുകയും മുറികളിൽ പൂട്ടിയിട്ട് മരണത്തിന് വിട്ടുകൊടുക്കുകയും ചെയ്തിരുന്നതായി അന്വേഷണസംഘം കോടതിയിൽ തെളിയിച്ചു. 2017 മുതൽ പോലീസ് നിരീക്ഷണത്തിലായിരുന്ന മക്കെൻസി 2019ൽ തന്റെ പള്ളി അടച്ചുപൂട്ടിയതിനെ തുടർന്നാണ് അനുയായികളുമായി കാട്ടിലേക്ക് മാറിയത്. പാസ്റ്ററാകുന്നതിന് മുൻപ് ടാക്സി ഡ്രൈവറായ ഇയാൾ കുട്ടികളെ സ്കൂളിൽ അയക്കുന്നതിനെയും രോഗികൾ ആശുപത്രിയിൽ ചികിത്സ തേടുന്നതിനെയും കർശനമായി എതിർത്തിരുന്നു.

ഉപവാസം അനുഷ്ഠിക്കാനുള്ള നിർദ്ദേശത്തെ ആരെങ്കിലും എതിർത്താൽ അവരെ അടിച്ച് സ്വർഗത്തിലേക്ക് കൊണ്ടുപോകാനായിരുന്നു മക്കെൻസി അനുയായികൾക്ക് നൽകിയിരുന്ന നിർദ്ദേശം. വനത്തിനുള്ളിലെ ആരാധനാക്രമത്തെ ‘വിവാഹങ്ങൾ’ എന്നാണ് ഇയാൾ വിശേഷിപ്പിച്ചിരുന്നത്. ഗർഭിണിയായ ഒരു സ്ത്രീക്ക് നവജാത ശിശുവിനെ മുലയൂട്ടുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയതായും, തുടർന്ന് 12 ദിവസത്തിന് ശേഷം കുഞ്ഞ് മരിച്ചതായും റിപ്പോർട്ടുകളുണ്ട്. മരണം വരെ ഉപവസിക്കാനും മക്കളെ പിന്തുടരാനുമായിരുന്നു ആ അമ്മയ്ക്ക് മക്കെൻസി നൽകിയ ഉപദേശം.