സ്വർണവിലയിൽ തുടർച്ചയായ ഇടിവ്; പവന് 92,080 രൂപ, 5 ദിവസത്തിനിടെ കുറഞ്ഞത് 8,840 രൂപ

21 November 2026
സ്വർണവിലയിൽ തുടർച്ചയായ ഇടിവ്; പവന് 92,080 രൂപ, 5 ദിവസത്തിനിടെ കുറഞ്ഞത് 8,840 രൂപ

കൊച്ചി: തുടർച്ചയായി അഞ്ചാം ദിവസവും സ്വർണവില ഇടിഞ്ഞതോടെ വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച പവന് 3,760 രൂപ കുറഞ്ഞ് 92,080 രൂപയായി. ഗ്രാമിന് 470 രൂപ താഴ്ന്ന് 11,510 രൂപയിലുമെത്തി. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവിൽ സ്വർണവിലയുള്ളത്.

അഞ്ചുദിവസംകൊണ്ട് പവന് 8,840 രൂപയാണ് കുറഞ്ഞത്. നിലവിലെ വിപണി നിരക്കിൽ 10 ശതമാനം പണിക്കൂലിയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ ജി.എസ്.ടി.യും എച്ച്.യു.ഐ.ഡി. നിരക്കും ഉൾപ്പെടെ 1,04,326 രൂപ നൽകേണ്ടിവരും. പണിക്കൂലിയടക്കം നൽകി ആഭരണം വാങ്ങുമ്പോൾ ചെലവ് ഒരു ലക്ഷം രൂപയ്ക്ക് താഴെ എത്താൻ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് വിലയിരുത്തൽ.

വില കുറഞ്ഞത് സ്വർണാഭരണ വിൽപ്പനയിൽ ഉണർവുണ്ടാക്കിയിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഉടനടി ശക്തമായ തിരിച്ചുകയറ്റത്തിന് സാധ്യത കുറവാണെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന പ്രതീക്ഷയും ബോണ്ട് യീൽഡിലെ വർധനയും ഡോളറിന്റെ കരുത്തും സ്വർണവിലയ്ക്ക് തിരിച്ചടിയായി മാറുകയാണ്.