തിരുവനന്തപുരം: സംസ്ഥാനത്ത് സൗന്ദര്യവർധക വസ്തുക്കളുടെ തോന്നുംപടിയുള്ള വിൽപ്പനയും വിതരണവും നിയന്ത്രിക്കാൻ ആരോഗ്യവകുപ്പ് കർശന നടപടികളിലേക്ക്. നിലവിൽ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന് മാത്രമാണ് ലൈസൻസ് ആവശ്യമുള്ളത്. എന്നാൽ ഇനി മുതൽ കേരളത്തിൽ ഇവ വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനും ലൈസൻസും രജിസ്ട്രേഷനും നിർബന്ധമാക്കാനാണ് സർക്കാർ നീക്കം.
ഫെയർനസ് ക്രീമുകൾ ഉൾപ്പെടെയുള്ള സൗന്ദര്യവർധക വസ്തുക്കൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ ഇടപെടൽ.
ഓൺലൈൻ വിൽപ്പനയ്ക്ക് ഉൾപ്പെടെ പ്രത്യേക മാർഗരേഖ തയ്യാറാക്കും. ഇതുസംബന്ധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

