പരതൂർ സ്കൂൾ വെടിവെപ്പ്: കുട്ടിയുടെ അമ്മയ്ക്കെതിരെ കേസ്

25 November 2026
പരതൂർ സ്കൂൾ വെടിവെപ്പ്: കുട്ടിയുടെ അമ്മയ്ക്കെതിരെ കേസ്

പാലക്കാട്: തൃത്താല പരതൂർ ഹയർസെക്കൻഡറി സ്കൂളിലുണ്ടായ വെടിവെപ്പ് സംഭവത്തിൽ പൊലീസ് കൂടുതൽ നടപടികളിലേക്ക് നീങ്ങുന്നു. അനധികൃതമായി തോക്ക് കൈവശം വച്ചതിനും സൂക്ഷിച്ചതിനുമായി കുട്ടിയുടെ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. വിദ്യാർത്ഥിയുടെ പക്കലുണ്ടായിരുന്നത് ലൈസൻസ് ഇല്ലാത്ത നാടൻ തോക്കാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കുട്ടിയുടെ കയ്യിൽ നിന്ന് പിടിച്ചെടുത്ത 0.22 റിവോൾവർ പ്രവർത്തനക്ഷമമാണെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. ഇത് ഉത്തരേന്ത്യയിൽ നിർമ്മിച്ച തോക്കാണെന്നും തോക്കിനുള്ളിലുണ്ടായിരുന്ന ബുള്ളറ്റ് പഞ്ചാബിൽ നിർമ്മിച്ചതാണെന്നുമാണ് പൊലീസ് നൽകുന്ന വിവരം. തോക്ക് കുട്ടിയുടെ മുത്തശ്ശന്റേതാണെന്നും വീട്ടിലെ അലമാരയിൽ സൂക്ഷിച്ചതായിരുന്നുവെന്നും പൊലീസ് പറയുന്നു.

കുട്ടിയുടെ കയ്യിൽ തോക്ക് എങ്ങനെ എത്തിച്ചേർന്നു എന്നതിനെക്കുറിച്ചാണ് പൊലീസ് വിശദമായി അന്വേഷിക്കുന്നത്. വെടിയുതിർത്ത വിദ്യാർത്ഥിയുടെ കുടുംബം ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.

സംഭവവുമായി ബന്ധപ്പെട്ട് പരതൂർ ഹയർസെക്കൻഡറി സ്കൂൾ അധികൃതർക്കെതിരെയും വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് തുടർനടപടികൾ ഉണ്ടാകും.