തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനവുമില്ല; യുപിയിലും ഹരിയാനയിലും ആദ്യഘട്ട പദ്ധതിക്ക് കേന്ദ്രം

25 November 2026
തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനവുമില്ല; യുപിയിലും ഹരിയാനയിലും ആദ്യഘട്ട പദ്ധതിക്ക് കേന്ദ്രം

ദില്ലി: വാഹനങ്ങൾക്ക് ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനം നൽകാത്ത പദ്ധതി നടപ്പാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ആദ്യഘട്ടത്തിൽ ഉത്തർപ്രദേശിലെയും ഹരിയാനയിലെയും അഞ്ച് പമ്പുകളിൽ വീതം പദ്ധതി നടപ്പാക്കാനാണ് കേന്ദ്ര റോഡ് ഗതാഗത, പെട്രോളിയം മന്ത്രാലയങ്ങളുടെ തീരുമാനം.

കഴിഞ്ഞ മാസം നാലിന് സുപ്രീംകോടതി പുറപ്പെടുവിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. വാഹനങ്ങൾക്ക് തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലെങ്കിൽ പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കാത്ത സാഹചര്യം ഒരുക്കാനും ഇതിനായി പൈലറ്റ് പദ്ധതി രൂപീകരിക്കാനും ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയോടും റോഡ് ഗതാഗത മന്ത്രാലയത്തോടും സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്ധന പമ്പുകളിൽ ഓട്ടോമേറ്റഡ് നമ്പർ പ്ലേറ്റ് റെക്കഗ്നീഷൻ ക്യാമറകൾ സ്ഥാപിക്കും. ഈ ക്യാമറകളുമായി ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറോയിലെയും വാഹൻ പോർട്ടലിലെയും വിവരങ്ങൾ സംയോജിപ്പിക്കും.

ഹരിയാനയിലെയും ഉത്തർപ്രദേശിലെയും അഞ്ച് പമ്പുകളിൽ വീതം ആദ്യഘട്ടമായി നടപ്പാക്കുന്ന പദ്ധതി വിജയകരമായാൽ രാജ്യത്തെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. ഗതാഗത നിയമലംഘനങ്ങൾ ആവർത്തിക്കുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കാനും ആലോചനയുണ്ട്. ഇത്തരക്കാർക്ക് ഇൻഷുറൻസ് പുതുക്കാൻ കൂടുതൽ തുക അടയ്ക്കേണ്ടിവരും.

ഇതോടൊപ്പം പുതിയ വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് കാലാവധിയും വർധിപ്പിച്ചിട്ടുണ്ട്. പുതിയ കാറുകൾക്ക് ഇനി മൂന്ന് വർഷത്തിന് പകരം നാല് വർഷത്തേക്കും ഇരുചക്ര വാഹനങ്ങൾക്ക് ആറ് വർഷത്തേക്കും ഇൻഷുറൻസ് ലഭിക്കും. അടുത്ത മാസം 15 മുതൽ ഈ പരിഷ്കരണം നിലവിൽ വരും.