മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തിന്റെ ശ്രമങ്ങൾ തടയുമെന്ന് ടിവികെ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം

18 June 2026
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തിന്റെ ശ്രമങ്ങൾ തടയുമെന്ന് ടിവികെ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരള സർക്കാരിന്റെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് വ്യക്തമാക്കി തമിഴ്‌നാട്ടിലെ പുതിയ ടിവികെ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം.

തെക്കൻ തമിഴ്‌നാട്ടിലെ ജില്ലകളുടെ ജീവനാഡിയായ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന കർശന നിലപാടാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിയമസഭയിൽ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ അടിവരയിടുന്നത്.

അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താമെന്നും, ഘടനാപരമായ ബലപ്പെടുത്തലുകൾക്ക് ശേഷം അത് 152 അടിയാക്കാമെന്നും 2014-ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ നിലവിലെ അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള ജോലികൾ ചെയ്യാനുള്ള അനുമതി കേരളം തുടർച്ചയായി നിഷേധിക്കുകയാണെന്ന് തമിഴ്‌നാട് സർക്കാർ കുറ്റപ്പെടുത്തി.

ഈ തടസ്സവാദങ്ങൾക്കിടയിലും പുതിയ ഡാം വേണമെന്ന ആവശ്യത്തിൽ കേരളം ഉറച്ചുനിൽക്കുകയാണ്. എന്നാൽ, പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങളെ തടയാൻ തങ്ങളുടെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു.

കൂടാതെ, മുല്ലപ്പെരിയാർ അണക്കെട്ട് പ്രദേശത്ത് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും ജലനിരപ്പ് ഉയർത്തുന്നതിനുമുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകും.

തമിഴ്‌നാടിന്റെ സംസ്ഥാന ഗീതമായ ‘തമിഴ് തായ് വാഴ്ത്ത്’ ആലപിച്ചുകൊണ്ടാണ് സഭാനടപടികൾക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ ദേശീയഗാനവും ആലപിച്ചു. എന്നാൽ, ‘വന്ദേമാതരം’ സഭയിൽ ആലപിച്ചില്ല.

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സഭാംഗങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് ഗവർണർ തന്റെ പ്രസംഗം ആരംഭിച്ചത്. മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അഴിമതിരഹിതവും സുതാര്യവുമായ ഭരണം ഉറപ്പുനൽകുന്നതായും നയപ്രഖ്യാപനത്തിൽ പ്രഖ്യാപിച്ചു.