ഡൽഹി : രാജ്യത്തെ മയക്കുമരുന്ന് ശൃംഖലകളെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് വിപുലമായ കർമപദ്ധതിയുമായി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ ‘നാർക്കോട്ടിക് കൺട്രോൾ വിഷൻ ഡോക്യുമെന്റ് (2026-2029)’ നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യത്തിന് സമർപ്പിക്കും.
കേരളത്തിൽ ലഹരിവേട്ടയ്ക്കായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ മാതൃകയിലാണ് കേന്ദ്രം ഈ വിപുലമായ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. അടുത്ത മൂന്ന് വർഷത്തേക്കുള്ള വ്യക്തമായ ലക്ഷ്യങ്ങളും സമയപരിധികളും നിശ്ചയിച്ചാണ് ഈ കർമപദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
പദ്ധതിയുടെ തുടക്കമെന്നോണം വിവിധ അന്വേഷണ ഏജൻസികൾ രാജ്യവ്യാപകമായി പിടിച്ചെടുത്ത ഏകദേശം 6,000 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകൾ നാളെ ഒറ്റയടിക്ക് നശിപ്പിച്ചു കളയും. ലഹരി മാഫിയകൾക്കെതിരെയുള്ള കേന്ദ്ര സർക്കാരിന്റെ ശക്തമായ മുന്നറിയിപ്പായിരിക്കും ഈ നടപടി.
ലഹരി കടത്തും വിപണനവും തടയുന്നതിനായി ജില്ലാ അടിസ്ഥാനത്തിൽ പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തും. പ്രാദേശിക ലഹരി സംഘങ്ങളെ കണ്ടെത്തി ഇല്ലാതാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ലഹരിക്കേസുകളിൽ ഉൾപ്പെടുന്ന കുറ്റവാളികളെ കൃത്യമായി നിരീക്ഷിക്കുന്നതിനായി രാജ്യവ്യാപകമായി ഒരു പുതിയ ഡിജിറ്റൽ ഡാറ്റാബേസ് തയ്യാറാക്കും.
സംസ്ഥാനങ്ങളിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാൻ എല്ലാ സംസ്ഥാന ഇന്റലിജൻസ് ബ്യൂറോകളിലും പ്രത്യേക നാർക്കോട്ടിക് വിഭാഗം രൂപീകരിക്കും.
ലഹരിമരുന്ന് കേസുകളിൽ കർശനവും വേഗത്തിലുള്ളതുമായ ശിക്ഷ ഉറപ്പാക്കാൻ രാജ്യത്തുടനീളം കൂടുതൽ എൻ.ഡി.പി.എസ് പ്രത്യേക കോടതികൾ സ്ഥാപിക്കും.

