തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. പെയ്യുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് സംസ്ഥാനത്തെ നാല് വടക്കൻ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പുള്ളത്. ശേഷിക്കുന്ന പത്ത് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചുരുക്കത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് നിലവിലുണ്ട്.
ജൂലൈ ഒന്നാം തീയതി വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴ തുടരാനാണ് സാധ്യത. ഇതിനൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

