കണ്ണൂർ: മട്ടന്നൂരിൽ ബോർഡിൽ എഴുതിയത് പകർത്തിയെഴുതാൻ വൈകിയതിന് രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച അധ്യാപകനെതിരെ പോലീസ് കേസെടുത്തു.
പട്ടാന്നൂർ യുപി സ്കൂളിലെ അധ്യാപകനായ വിപിനെതിരെയാണ് മട്ടന്നൂർ പോലീസ് കേസെടുത്തത്.ബോർഡിൽ എഴുതിയ ഭാഗങ്ങൾ നോട്ടുബുക്കിലേക്ക് പകർത്തിയെഴുതാൻ വൈകിയതിനാണ് അധ്യാപകനായ വിപിൻ കുട്ടിയെ കൈകൊണ്ട് മുതുകിൽ മർദിച്ചത്.
പുറംവേദന അനുഭവപ്പെട്ട കുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ വീട്ടിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.
പിന്നീട് കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മട്ടന്നൂർ പോലീസ് അധ്യാപകനെതിരെ നിയമനടപടി സ്വീകരിച്ചത്.

