മലയാള ചലച്ചിത്ര പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ മിസ്റ്ററി ഡ്രാമ ചിത്രം “സാക്ഷികൾ” സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.
പ്രശസ്ത എഴുത്തുകാരൻ പി.എസ്. അർജുൻ ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്.
രായര പിക്ചേഴ്സിന്റെ ബാനറിൽ പുനീത് നിർമ്മിക്കുന്ന ഈ ചിത്രം വരും വർഷത്തിൽ (2027) തിയറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.
തന്റെ ജീവിതയാത്രയിൽ കണ്ടുമുട്ടിയ യഥാർത്ഥ കഥാപാത്രങ്ങളിൽ നിന്നും അനുഭവിക്കേണ്ടി വന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് “സാക്ഷികൾ” എന്ന ഈ മിസ്റ്ററി ഡ്രാമ ഒരുക്കിയിരിക്കുന്നതെന്ന് ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ പി.എസ്. അർജുൻ വ്യക്തമാക്കി.
സൈജു കുറുപ്പ് മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ദുരൂഹതകൾ നിറഞ്ഞ കഥാപാത്രങ്ങളായി ഒരു വലിയ താരനിര തന്നെയാണ് അണിനിരക്കുന്നത്. രഘുനാഥ് പലേരി, നിഷാന്ത് സാഗർ, അഭിമന്യു എസ്. തിലകൻ, ശീതൾ ജോസഫ്, അഭിരാം രാധാകൃഷ്ണൻ, നിരഞ്ജ് മണിയൻപിള്ള, ഗോകുലൻ, എം.എസ്. ഹരിത് വിജയകൃഷ്ണൻ, ദേവനന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


