നിപ;22 പേർ സമ്പർക്കപ്പട്ടികയിൽ

11 June 2026
നിപ;22 പേർ സമ്പർക്കപ്പട്ടികയിൽ

കോഴിക്കോട്: ഫറോക്ക് സ്വദേശിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി.രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയ വീട്ടുകാരും അയൽവാസികളും ഉൾപ്പെടെ 22 പേരുടെ സമ്പർക്കപ്പട്ടിക അധികൃതർ പുറത്തുവിട്ടു. ഇതിൽ 9 പേർ രോഗിയുടെ കുടുംബാംഗങ്ങളും തൊട്ടടുത്ത വീടുകളിൽ ഉള്ളവരുമാണ്. തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി രാമനാട്ടുകര മുൻസിപ്പാലിറ്റി ഓഫീസിൽ അടിയന്തര യോഗം ചേരുകയും, അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപ്പിഡ് റെസ്പോൺസ് ടീമുകളെ (RRT) സജ്ജമാക്കുകയും ചെയ്തു.

സംസ്ഥാനതല നിർദ്ദേശം ലഭിക്കുന്ന മുറയ്ക്ക് ഈ പ്രദേശം ആവശ്യമെങ്കിൽ കണ്ടെയ്ൻമെന്റ് സോണാക്കി മാറ്റാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. നിലവിൽ രോഗിയെ പ്രവേശിപ്പിച്ചിരിക്കുന്ന മെഡിക്കൽ കോളേജിലെ പേ വാർഡ് മേഖലയിലും പരിസരങ്ങളിലും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സാധാരണ പനിയോടൊപ്പം കടുത്ത ശരീരവേദന, തലവേദന, ശ്വാസതടസ്സം, ഛർദ്ദി, ബോധക്ഷയം എന്നിവയാണ് നിപയുടെ പ്രധാന ലക്ഷണങ്ങളെന്നും ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.