ഇരിട്ടി: കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മാക്കൂട്ടം ചുരം പാത ഉൾപ്പെടെ, കുടക് ജില്ലയിലെ റോഡുകളിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജൂലൈ 9 വരെയാണ് ഈ താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് മടിക്കേരി ഡപ്യൂട്ടി കമ്മിഷണർ എസ്.ജെ. സോമശേഖർ അറിയിച്ചു.
ഇതോടെ 18.5 ടണ്ണിൽ കൂടുതലുള്ള ചരക്കുവാഹനങ്ങൾക്ക് ഈ പാതകളിലൂടെ പൂർണ്ണ നിരോധനമുണ്ടാകും. തടി, മണൽ എന്നിവ കയറ്റിയ വാഹനങ്ങൾ, കണ്ടെയ്നറുകൾ, ടാങ്കറുകൾ, ടിപ്പറുകൾ എന്നിവയ്ക്ക് നിയന്ത്രണം ബാധകമാണ്. നിയമലംഘനം തടയാൻ ഇത്തരം വാഹനങ്ങൾ അതിർത്തിയിലെ ചെക്പോസ്റ്റുകളിൽ തടയുമെന്നും അധികൃതർ വ്യക്തമാക്കി.
എന്നാൽ പൊതുജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ആവശ്യസാധനങ്ങളുമായി വരുന്ന വാഹനങ്ങളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.പൊതുഗതാഗത സംവിധാനങ്ങൾക്കും സ്കൂൾ വാഹനങ്ങൾക്കും സർവീസ് നടത്താം. ഇതോടൊപ്പം പച്ചക്കറി കൊണ്ടുപോകുന്ന സാധാരണ ചരക്കുവാഹനങ്ങൾക്കും ലോറികൾക്കും, ജനങ്ങൾക്ക് അത്യാവശ്യമായ പാചകവാതകം, ഇന്ധനങ്ങൾ എന്നിവ എത്തിക്കുന്ന വാഹനങ്ങൾക്കും നിയന്ത്രണം ബാധകമല്ലെന്ന് ഭരണകൂടം അറിയിച്ചിട്ടുണ്ട്.

