ബോക്‌സ് ഓഫീസിൽ ചരിത്രം കുറിച്ച് ‘ദൃശ്യം 3’; 330 കോടി ക്ലബ്ബിൽ ജോർജുകുട്ടിയും കുടുംബവും

14 June 2026
ബോക്‌സ് ഓഫീസിൽ ചരിത്രം കുറിച്ച് ‘ദൃശ്യം 3’; 330 കോടി ക്ലബ്ബിൽ ജോർജുകുട്ടിയും കുടുംബവും

മലയാള സിനിമാ ചരിത്രത്തിൽ സമാനതകളില്ലാത്ത വിജയഗാഥ തുടരുന്ന ജോർജുകുട്ടിയും കുടുംബവും വീണ്ടും ചരിത്രം കുറിച്ചിരിക്കുന്നു. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ദൃശ്യം 3’ ആഗോളതലത്തിൽ 330 കോടി രൂപയുടെ വരുമാനം സ്വന്തമാക്കിയെന്ന പ്രഖ്യാപനവുമായി അണിയറപ്രവർത്തകർ രംഗത്തെത്തി. തിയേറ്റർ കളക്ഷന് പുറമേ ഒ.ടി.ടി, സാറ്റ്‌ലൈറ്റ് ബിസിനസുകൾ കൂടി ഉൾപ്പെടെയാണ് ചിത്രം ഈ വമ്പൻ നേട്ടം കൊയ്തത്.

മേയ് 21-ന് തീയേറ്ററുകളിലെത്തിയ ചിത്രം വിജയകരമായി 30-ാം ദിവസത്തിലേക്ക് കടക്കുന്ന വേളയിലാണ് നടൻ മോഹൻലാൽ ഈ സന്തോഷവാർത്ത പ്രേക്ഷകരുമായി പങ്കുവെച്ചത്. വിജയവിവരം അറിയിച്ചുകൊണ്ട് ചിത്രത്തിന്റെ പ്രത്യേക പോസ്റ്ററും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. നിർമാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ ജീത്തു ജോസഫ് എന്നിവർക്കൊപ്പമുള്ള മോഹൻലാലിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ‘അതിരുകൾ താണ്ടിയ നാഴികക്കല്ല്’, ‘മലയാള സിനിമാ ബോക്‌സ് ഓഫീസിൽ ചരിത്രം’ എന്നിങ്ങനെയാണ് പോസ്റ്ററിൽ ഈ നേട്ടത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

‘തലമുറകൾ കൈമാറിയത്. കേരളത്തിൽനിന്നാരംഭിച്ച കഥ ഭാഷകളും അതിരുകളും ലക്ഷക്കണക്കിന് ഹൃദയങ്ങളും കടന്ന് സഞ്ചരിച്ചു. 13 വർഷങ്ങൾക്കും മൂന്ന് അധ്യായങ്ങൾക്കുമപ്പുറം ചരിത്രം സൃഷ്ടിച്ച് യാത്ര തുടരുന്നു. നിങ്ങളുടെ സ്വന്തമായി ഏറ്റെടുത്തതിന് നന്ദി’, മോഹൻലാൽ കുറിച്ചു.

ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലിനൊപ്പം മീന, സിദ്ധിഖ്, മുരളി ഗോപി, എസ്തർ അനിൽ, അൻസിബ തുടങ്ങിയ വൻ താരനിരയാണ് പ്രധാന വേഷങ്ങളിലെത്തിയത്.