സംസ്ഥാനത്ത് നിപ പ്രതിരോധം പാളി; ആരോഗ്യമന്ത്രിയും വകുപ്പും ജില്ലാഭരണകൂടവും തമ്മിൽ ഏകോപനമില്ല- യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ

14 June 2026
സംസ്ഥാനത്ത് നിപ പ്രതിരോധം പാളി; ആരോഗ്യമന്ത്രിയും വകുപ്പും ജില്ലാഭരണകൂടവും തമ്മിൽ ഏകോപനമില്ല- യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ പ്രതിരോധം പൂർണ്ണമായും പാളിയെന്ന് ആവർത്തിച്ച് പ്രതിപക്ഷം. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യമന്ത്രിയും വകുപ്പും ജില്ലാഭരണകൂടവും തമ്മിൽ യാതൊരുവിധ ഏകോപനവുമില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു.

ഉത്തരവാദിത്തപ്പെട്ടവർക്കിടയിൽ പോലും ഗുരുതരമായ ആശയക്കുഴപ്പമാണ് നിലനിൽക്കുന്നത്. നിപയെ കേരളം ഒറ്റക്കെട്ടായി നിന്നാണ് പ്രതിരോധിക്കേണ്ടത്. മുൻപത്തെ പ്രതിപക്ഷത്തെപ്പോലെ നിപയെ സിപിഎം രാഷ്ട്രീയ ആയുധമാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ആരോഗ്യ മന്ത്രിയും വകുപ്പും ജില്ലാ ഭരണകൂടവും തമ്മിൽ ഏകോപനമില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

മുൻപ് നിപ ബാധയുണ്ടായ മേഖലകളിൽ മന്ത്രി നേരിട്ട് ക്യാമ്പ് ചെയ്തായിരുന്നു ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. എന്നാൽ ഇന്ന് അത്തരം ജാഗ്രത ഒരിടത്തും കാണാനില്ല. ഈ അതീവ ഗുരുതരമായ സാഹചര്യത്തിൽ ആരോഗ്യമന്ത്രി തന്നെ നേരിട്ട് മുൻകൈയെടുക്കണം. ജനപ്രതിനിധികൾക്ക് അകന്നുനിൽക്കാനുള്ള ഇടമല്ല നിപ കൺട്രോൾ റൂമുകൾ.

നിപയുടെ അതിഗൗരവ സാഹചര്യം നിലനിൽക്കുമ്പോൾ ഡിഎച്ച്എസിനെ (DHS) മാറ്റാൻ നടപടിയുണ്ടായത് വിഷയം ഗൗരവത്തോടെ കാണാത്തതുകൊണ്ടാണ്.

സാധാരണ നിലയിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണിത്. സിസ്റ്റത്തോടുള്ള നിസ്സഹകരണം കാരണമാണ് മാറ്റിയതെന്നാണ് മന്ത്രിയുടെ വിശദീകരണം. എന്നാൽ നിലവിലെ പൊതുജനാരോഗ്യ സിസ്റ്റം കൃത്യമായി നടപ്പാക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരെയാണ് മന്ത്രിയും വകുപ്പും ചേർന്ന് അവഗണിച്ചതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.