മസ്കറ്റ്: ഒമാൻ തീരത്ത് അപകടത്തിൽപ്പെട്ട ഇന്ത്യൻ പായ്ക്കപ്പലിലെ 14 ജീവനക്കാരെയും അത്ഭുതകരമായി രക്ഷപ്പെടുത്തി. എഞ്ചിൻ തകരാറിനെ തുടർന്ന് ആഴക്കടലിൽ മുങ്ങിത്താഴ്ന്ന ‘എംഎസ്വി വിരാട് 1’ എന്ന കപ്പലിലെ ജീവനക്കാരാണ് രക്ഷപെട്ടത്. അമേരിക്കൻ നാവികസേനയുടെ സമയബന്ധിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.
ഒമാനിലെ റാസ് അൽ ഹദ്ദിന് കിഴക്ക് 80 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് പായ്ക്കപ്പലിന് എഞ്ചിൻ തകരാർ സംഭവിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട കപ്പൽ കടലിൽ മുങ്ങാൻ തുടങ്ങിയതോടെ ജീവനക്കാർ അപകടത്തിലായി.
അമേരിക്കൻ നാവികസേനയുടെ പി 8 (P-8) നിരീക്ഷണ വിമാനം അപകടം കണ്ടെത്തുകയും ഉടൻ തന്നെ ജീവനക്കാർക്കായി ലൈഫ് റാഫ്റ്റുകൾ താഴേക്ക് ഇട്ടുകൊടുക്കുകയും ചെയ്തു.
അമേരിക്കൻ സേന നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ നാവികസേന രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.
ഈ സമയത്ത് സമീപത്തുണ്ടായിരുന്ന ‘ജബൽ അലി 9’ എന്ന മർച്ചന്റ് കപ്പലും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി.

