ലോകത്തിന് പരിഹാരം നിർദേശിക്കുന്ന രാജ്യമായി ഇന്ത്യ മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

14 June 2026
ലോകത്തിന് പരിഹാരം നിർദേശിക്കുന്ന രാജ്യമായി ഇന്ത്യ മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

നീസ് (ഫ്രാൻസ്): ഗ്ലോബൽ ഇന്നവേഷൻ രംഗത്ത് ഉയർന്നുവരുന്ന വൻശക്തിയായി മാറിയ ഇന്ത്യ, ആഗോള പ്രതിസന്ധികൾക്ക് പരിഹാരം തേടി ലോകത്തിന് ആശ്രയിക്കാവുന്ന പ്രധാന കേന്ദ്രമായി മാറിക്കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാങ്കേതികവിദ്യയുടെ വെറുമൊരു ഉപഭോക്താവായി തുടരുന്ന പഴയ രീതിയിൽനിന്ന്, ആഗോളതലത്തിൽ കൃത്യമായ പരിഹാരങ്ങൾ നിർദേശിക്കുന്ന പങ്കാളിയായി രാജ്യം മാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രാൻസിലെ നീസിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം ‘ഭാരത് ഇന്നവേറ്റ്സ്’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യൻ യുവത്വത്തിന്റെ മാറുന്ന ചിന്താഗതികളെയും ആഗോള കാഴ്ചപ്പാടുകളെയും പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ഭാരതത്തിലെ യുവാക്കൾക്ക് പുതിയൊരു ചിന്താഗതിയുണ്ടെന്നും അവർ സ്വന്തം വളർച്ചയ്ക്കപ്പുറം മുഴുവൻ മാനവരാശിയുടെയും പുരോഗതിയെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുസ്ഥിരതയ്ക്ക് പ്രഥമ പരിഗണന നൽകിക്കൊണ്ട്, ലോകത്തിന്റെ പൊതുവായ നന്മയ്ക്ക് വേണ്ടിയാണ് ഇന്ത്യ ഇന്ന് പുതിയ കണ്ടെത്തലുകൾ നടത്തുന്നത്.

ആയുർവേദം, യോഗ, ഗണിതം, ശാസ്ത്രം എന്നിവയിലൂടെ ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യ മനുഷ്യരാശിയുടെ പുരോഗതിക്ക് വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന ചരിത്രപരമായ വസ്തുതയും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.