മധുബാലയും ഇന്ദ്രൻസും ഒന്നിക്കുന്ന ‘ചിന്ന ചിന്ന ആസൈ’; റിലീസ് തീയതി പ്രഖ്യാപിച്ചു, ട്രെയ്‌ലർ പുറത്ത്!

15 June 2026
മധുബാലയും ഇന്ദ്രൻസും ഒന്നിക്കുന്ന ‘ചിന്ന ചിന്ന ആസൈ’; റിലീസ് തീയതി പ്രഖ്യാപിച്ചു, ട്രെയ്‌ലർ പുറത്ത്!

വർഷാ വാസുദേവ് സംവിധാനം ചെയ്യുന്ന ‘ചിന്ന ചിന്ന ആസൈ’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്‌ലർ പുറത്തിറങ്ങി. മധുബാല, ഇന്ദ്രൻസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ജൂൺ 19-ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

 ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണത്തിന് എത്തിക്കുന്നത്. കൊച്ചി ഫോറം മാളിലെ പിവിആർ സിനിമാസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് നിർവ്വഹിച്ചത്.

സിനിമയിലെ താരങ്ങളും അണിയറ പ്രവർത്തകരും മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക പേജിലൂടെയാണ് ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്തത്.

ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നവാഗതയായ വർഷാ വാസുദേവ് ഒരുക്കുന്ന ചിത്രത്തിന് കഴിഞ്ഞ ദിവസം സെൻസറിങ് പൂർത്തിയായപ്പോൾ ക്ലീൻ ‘U’ സർട്ടിഫിക്കറ്റാണ് ലഭിച്ചത്.

പൂർണ്ണമായും വാരണാസിയിൽ ചിത്രീകരിച്ച ഈ സിനിമ പ്രണയവും സംഗീതവും വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കിയ ഒരു ഫീൽ ഗുഡ് ചിത്രമായിരിക്കുമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ഇന്ദ്രൻസ്, മധുബാല എന്നിവരുടെ മികച്ച പ്രകടനങ്ങൾ ചിത്രത്തിന്റെ പ്രധാന ആകർഷണമായിരിക്കും.