ടെലിവിഷൻ നടി സഞ്ചിത ഉഗാലെ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

15 June 2026
ടെലിവിഷൻ നടി സഞ്ചിത ഉഗാലെ   മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

മുംബൈ: ഹിന്ദി ടെലിവിഷൻ രംഗത്തെ പ്രമുഖ നടി സഞ്ചിത ഉഗാലെയെ (22) മുംബൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ജനപ്രിയ പരമ്പരകളായ ‘കുങ്കും ഭാഗ്യ’, ‘വാഗേ കി ദുനിയ’ എന്നിവയിലൂടെ ശ്രദ്ധേയയായ താരമാണ് സഞ്ചിത. നടി ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞദിവസം നളസൊപാറ ഈസ്റ്റിലെ ആച്ചോൾ ഗ്രാമത്തിലുള്ള സായ് സന്തോഷി ബിൽഡിംഗിലെ ഫ്ലാറ്റിലാണ് നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുറിക്കുള്ളിൽ സാരിയിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

ഉടൻ തന്നെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് സഞ്ചിതയെ വസായ്-വിരാർ മുനിസിപ്പൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണവിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

മൃതദേഹം നിലവിൽ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം മാത്രമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.