കണ്ണൂർ: സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുഖ്യമന്ത്രിയുടെ മുൻ പൊളിറ്റിക്കൽ സെക്രട്ടറിയുമായ പി. ശശി, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വക്കീൽ നോട്ടീസ് അയച്ചു. വാർത്താ സമ്മേളനത്തിൽ തനിക്കെതിരെ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങൾക്കെതിരെയാണ് പി. ശശി നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. മുതിർന്ന അഭിഭാഷകൻ കെ. വിശ്വൻ മുഖേനയാണ് നോട്ടീസ് അയച്ചിട്ടുള്ളത്.
രണ്ടാം പിണറായി സർക്കാരിന്റെ അന്തകൻ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി. ശശി നിയന്ത്രിച്ച ഓഫീസാണെന്നും, അദ്ദേഹം ‘പലിശ രാജാവ്’ ആണെന്നുമുള്ള വെള്ളാപ്പള്ളിയുടെ പ്രതികരണമാണ് നിയമനടപടിക്ക് ആധാരം. തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാൻ ദുരുദ്ദേശത്തോടെ പടച്ചുണ്ടാക്കിയതാണ് ഈ പ്രസ്താവനയെന്ന് പി. ശശി വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നു.
തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിയന്തരമായി പിൻവലിച്ച് വെള്ളാപ്പള്ളി നടേശൻ പരസ്യമായി ഖേദപ്രകടനം നടത്തണമെന്നാണ് നോട്ടീസിലെ പ്രധാന ആവശ്യം. നേരത്തെ വെള്ളാപ്പള്ളിയുടെ ആരോപണങ്ങളെ തള്ളി സിപിഐഎം ഔദ്യോഗികമായി രംഗത്തെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ പി. ശശി വ്യക്തിപരമായ രീതിയിൽ ശക്തമായ നിയമനടപടികളിലേക്ക് കടന്നിരിക്കുന്നത്.

