ന്യൂഡൽഹി: രാജ്യത്ത് ഡോക്ടറുടെ കുറിപ്പടി (Prescription) ഇല്ലാതെ ചുമ മരുന്നുകൾ ഉൾപ്പെടെയുള്ള ഒരു സിറപ്പുകളും വിൽക്കാൻ പാടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കർശന വിജ്ഞാപനം. മധ്യപ്രദേശിൽ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരണപ്പെട്ട പശ്ചാത്തലത്തിലാണ് സിറപ്പുകളുടെ ഒടിസി (Over-The-Counter) വിൽപന പൂർണ്ണമായി നിരോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
കേന്ദ്ര ഡ്രഗ്സ് നിയമത്തിലെ ഷെഡ്യൂൾ കെ (Schedule K)-ൽ നിന്നാണ് സിറപ്പുകളെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഒഴിവാക്കിയത്. ഈ ഭേദഗതിയോടെ രാജ്യത്തെ ഒരു മെഡിക്കൽ സ്റ്റോറുകളിൽ നിന്നും സാധാരണക്കാർക്ക് നേരിട്ട് സിറപ്പുകൾ വാങ്ങി ഉപയോഗിക്കാൻ സാധിക്കില്ല.
ഇനി മുതൽ ആശുപത്രി ഫാർമസികളിൽ നിന്നോ മറ്റ് മരുന്ന് കടകളിൽ നിന്നോ ചുമ സിറപ്പുകളോ മറ്റ് ലിക്വിഡ് സിറപ്പുകളോ വാങ്ങണമെങ്കിൽ രജിസ്റ്റർ ചെയ്ത ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ നിർബന്ധമായും കാണിക്കണം.

