തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ വര്‍ധിച്ചുവരികയാണെന്നും തദ്ദേശ സ്ഥാപനങ്ങളിലെ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും തദ്ദേശ സ്ഥാപനങ്ങളിലെ ഭരണമാറ്റവും മൂലം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് തടസങ്ങള്‍ നേരിട്ടതാണ് നിലവിലെ രോഗവ്യാപനത്തിന് കാരണമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ജനുവരി മുതല്‍ ഇതുവരെ 146 ഷിഗെല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ പകുതിയോളം കേസുകളും (70 എണ്ണം) ഈ മാസം മാത്രമാണ് സ്ഥിരീകരിച്ചത്. ഇതുവരെ അഞ്ച് പേരാണ് ഷിഗെല്ല ബാധിച്ച് മരണപ്പെട്ടത്. ഇതില്‍ ഒരു മരണം മാര്‍ച്ചിലും ബാക്കി നാല് മരണങ്ങള്‍ ഈ മാസവുമാണ് സംഭവിച്ചത്. കോഴിക്കോട് രോഗബാധിതനായി ചികിത്സയില്‍ കഴിയുന്ന ഒരു കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും മന്ത്രി അറിയിച്ചു.
രോഗവിവരങ്ങളോ കണക്കുകളോ ആരില്‍ നിന്നും മറച്ചുവെക്കില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, പകര്‍ച്ചവ്യാധികള്‍ മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കുന്നതിനായി ഒരു ‘പകര്‍ച്ചവ്യാധി കലണ്ടര്‍’ തയാറാക്കുമെന്നും ഇതിനായി സംസ്ഥാനതലത്തില്‍ ഒരു ഉന്നതാധികാര സമിതി (High-Power Committee) രൂപീകരിച്ചതായും പ്രഖ്യാപിച്ചു.
ഡോ.എസ്.എസ്.ലാല്‍ ചെയര്‍മാനും ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് കോ ഓര്‍ഡിനേറ്ററായും ഡോ.ശ്രീജിത്ത് എന്‍. കുമാര്‍ കണ്‍വീനര്‍ ആയുമാണ് ഹൈപ്പവര്‍ കമ്മിറ്റി രൂപീകരിച്ചത്.
സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ വിദഗ്ധ ഡോക്ടര്‍മാര്‍, ആയുഷ് വകുപ്പ് പ്രതിനിധികള്‍, മൃഗസംരക്ഷണ വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്നതാണ് ഈ സംസ്ഥാനതല സമിതി.

