കൊച്ചി: മലയാള സിനിമയുടെ ചരിത്രതാളുകളിൽ സുവർണ്ണാക്ഷരങ്ങളാൽ എഴുതപ്പെട്ട മോഹൻലാൽ ചിത്രം ‘കിരീടം’ ബിഗ് സ്ക്രീനിലേക്ക് വീണ്ടും എത്തുന്നു.
ആധുനിക ദൃശ്യ മികവോടെ 4K ഡോൾബി അറ്റ്മോസ് (4K Dolby Atmos) സാങ്കേതികവിദ്യയിലാണ് ചിത്രം റീ-റിലീസിന് ഒരുങ്ങുന്നത്. എന്നാൽ, ചിത്രം തിയറ്ററുകളിൽ കാണാൻ പ്രേക്ഷകർ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും. ആദ്യം നിശ്ചയിച്ചിരുന്ന റിലീസ് തീയതിയിൽ നിന്നും റിലീസ് അല്പം മുന്നോട്ട് നീട്ടിയതായാണ് പുതിയ വിവരം.
മോഹൻലാലിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ സംവിധായകൻ സിബി മലയിലാണ് കിരീടത്തിന്റെ റീ-റിലീസ് വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്.
അന്ന് പങ്കുവെച്ച പോസ്റ്ററിൽ ചിത്രം ജൂണിൽ തിയറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും, ഇപ്പോൾ ചിത്രത്തിന്റെ റിലീസ് ജൂലൈ മാസത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
സിബി മലയിൽ തന്നെയാണ് പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കൃത്യമായ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വൈകാതെ തന്നെ അതുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോഹിതദാസിന്റെ മാസ്മരിക തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് 1989-ൽ തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ‘കിരീടം’. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളുടെ പട്ടികയെടുത്താൽ അതിൽ എപ്പോഴും ഒന്നാമതായി നിൽക്കുന്ന കഥാപാത്രമാണ് ചിത്രത്തിലെ ‘സേതുമാധവൻ’.
മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച അച്ഛൻ-മകൻ കോമ്പിനേഷനുകളിലൊന്നായ തിലകൻ-മോഹൻലാൽ കൂട്ടുകെട്ടായിരുന്നു ഈ ചിത്രത്തിന്റെ ആത്മാവ്.
മലയാളത്തിലെ ഏറ്റവും ദൗർഭാഗ്യവാനായ ആ കഥാപാത്രത്തിന്റെ വൈകാരിക നിമിഷങ്ങൾ, ഇന്നത്തെ തലമുറയ്ക്ക് തിയറ്ററുകളിൽ മികച്ച ശബ്ദ-ദൃശ്യ വിസ്മയത്തോടെ കാണാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.


