‘പുതുയുഗ കേരളം’: വെല്ലുവിളികൾക്കിടയിലും വികസന കുതിപ്പിന് ലക്ഷ്യമിട്ട് യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റ്

19 June 2026
‘പുതുയുഗ കേരളം’: വെല്ലുവിളികൾക്കിടയിലും വികസന കുതിപ്പിന് ലക്ഷ്യമിട്ട് യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റ്

തിരുവനന്തപുരം: വലിയ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ‘പുതുയുഗ കേരളം’ സൃഷ്ടിക്കുകയെന്ന പ്രഖ്യാപനത്തോടെ പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ പരിഷ്കരിച്ച ബജറ്റ് (Revised Budget 2026-27) മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിക്കുന്നു.

ധനകാര്യ വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി സതീശന്റെ കന്നി ബജറ്റ് അവതരണമാണിത്. വായനാദിനമായ ഇന്ന് രാവിലെ കൃത്യം 9 മണിയോടെയാണ് നിയമസഭയിൽ ബജറ്റ് പ്രസംഗം ആരംഭിച്ചത്.

ബജറ്റിലെ പ്രധാന ഭാഗങ്ങളെല്ലാം മുഖ്യമന്ത്രി സ്വയം എഴുതി തയ്യാറാക്കിയതാണെന്നാണ് വിവരം.

സംസ്ഥാനത്തിന്റെ നിലവിലെ യഥാർത്ഥ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രത്തിലെ കണക്കുകൾ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്ത് നടപ്പാക്കാൻ പോകുന്ന വികസനങ്ങളുടെ കൃത്യമായ ദിശാസൂചികയായിരിക്കും ഈ ബജറ്റെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

സംസ്ഥാനം വലിയ തോതിലുള്ള സാമ്പത്തിക വെല്ലുവിളിയാണ് നേരിടുന്നതെന്നും കേന്ദ്ര വിഹിതത്തിൽ വലിയ കുറവ് വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. നിലവിൽ സംസ്ഥാനത്തിന്റെ കടം 5.07 ലക്ഷം കോടി രൂപയിലെത്തിയതായും റവന്യൂ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ തുടങ്ങിയ കാര്യങ്ങൾക്കായി മാറ്റിവെക്കേണ്ടി വരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.