തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ മലയാള സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച ചരിത്രപരമായ തീരുമാനത്തെ പ്രശംസിച്ച് നടൻ മോഹൻലാൽ.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ സന്തോഷവും സർക്കാരിനോടുള്ള നന്ദിയും വ്യക്തമാക്കിയത്. ഈ പുതിയ തീരുമാനം സിനിമാ മേഖലയ്ക്ക് വലിയ പുത്തനുണർവും ദീർഘകാലാടിസ്ഥാനത്തിലുള്ള വളർച്ചയും പ്രദാനം ചെയ്യുമെന്ന് അദ്ദേഹം കുറിച്ചു.
പ്രഖ്യാപനത്തിന് മുൻകൈയെടുത്ത മുഖ്യമന്ത്രി വി.ഡി. സതീശനും, സിനിമാ-സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിനും മോഹൻലാൽ പ്രത്യേകമായി നന്ദി രേഖപ്പെടുത്തി.
സിനിമാ രംഗത്തെ പ്രതിസന്ധികൾ തിരിച്ചറിഞ്ഞ് വ്യവസായ പദവി നൽകിയ നടപടി വലിയൊരു വിഭാഗം സിനിമാ തൊഴിലാളികൾക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
മലയാള സിനിമയ്ക്ക് വ്യവസായ പദവി നൽകുന്നതിനൊപ്പം കൊച്ചിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ‘ജെ.സി. ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി’ സ്ഥാപിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്.
പ്രശസ്ത സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിൽ തൃശ്ശൂരിൽ മ്യൂസിക് അക്കാദമിയും, നടൻ സലിം കുമാറിന്റെ ഓർമയ്ക്കായി കൊച്ചിയിൽ സ്മാരകവും നിർമിക്കും. ഒപ്പം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദിയും വ്യാജപതിപ്പുകൾ തടയാൻ ആന്റി പൈറസി സെല്ലും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

