വെള്ളിത്തിരയിലേക്ക് വിസ്മയ മോഹൻലാൽ ‘തുടക്കം’ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്

11 July 2026
വെള്ളിത്തിരയിലേക്ക് വിസ്മയ മോഹൻലാൽ ‘തുടക്കം’ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്

കൊച്ചി: മലയാള സിനിമാ പ്രേമികൾ ഏറെ നാളായി കാത്തിരുന്ന ആ താരോദയം ഒടുവിൽ സംഭവിക്കുന്നു. സൂപ്പർസ്റ്റാർ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ലാലേട്ടൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ മകളുടെ ആദ്യ ചിത്രത്തിലെ ഈ മനോഹര ഗാനം പ്രേക്ഷകർക്കായി പങ്കുവെച്ചത്.

‘തളിരോമലേ…’ എന്ന് തുടങ്ങുന്ന അതീവ ഹൃദ്യമായ മെലഡി ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയുടെ സ്വരമാധുരിയിൽ പിറന്ന ഈ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ജോ പോളാണ്. യുവതലമുറയുടെ പ്രിയ സംഗീതസംവിධාയകൻ ജേക്സ് ബിജോയ് ആണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. വരികളിലും സംഗീതത്തിലും ഒരുപോലെ ആർദ്രത തുളുമ്പുന്ന ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

വിസ്മയയുടെ ഈ പുതിയ ‘തുടക്ക’ത്തിൽ കൂൂട്ടായി പ്രിയ താരങ്ങളായ സായ് കുമാറും ചിപ്പി രഞ്ജിത്തും ഗാനരംഗത്തിൽ ഒപ്പമെത്തുന്നുണ്ട്. വിസ്മയയുടെ സ്ക്രീൻ പ്രെസൻസും മുതിർന്ന താരങ്ങളുടെ സാന്നിധ്യവും ഗാനരംഗങ്ങളെ കൂടുതൽ മനോഹരമാക്കുന്നുവെന്നാണ് പുറത്തുവരുന്ന പ്രാഥമിക പ്രതികരണങ്ങൾ.

മലയാള സിനിമയെ ആഗോളതലത്തിൽ 200 കോടി ക്ലബ്ബിലെത്തിച്ച ‘2018’ എന്ന മെഗാ ഹിറ്റിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന വലിയ ഹൈപ്പും ‘തുടക്ക’ത്തിനുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന മുപ്പത്തിയേഴാമത് ചിത്രമാണിത്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിക്കുന്നു.