ഇരിട്ടി : സംസ്ഥാനത്ത് ഷിഗല്ല, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികളുടെ വ്യാപന സാധ്യത കണക്കിലെടുത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി അധികൃതർ. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് വള്ളിത്തോട് ആരോഗ്യകേന്ദ്രത്തിൻറെ നേതൃത്വത്തിൽ പായം പഞ്ചായത്തിലെ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി ‘സ്റ്റുഡന്റ് കെയർ’ ആരോഗ്യ സുരക്ഷാ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.
ക്യാമ്പയിന്റെ ഭാഗമായി അംഗൻവാടി, സ്കൂൾ, കോളേജ് തലങ്ങളിൽ വിദ്യാർത്ഥികൾ ഹാജരാകാത്ത പക്ഷം, അവർക്ക് പനിയോ മറ്റ് സമ്പർക്ക രോഗങ്ങളോ ഉണ്ടോ എന്ന് അധ്യാപകർ പ്രത്യേകം അന്വേഷിച്ച് ഉറപ്പുവരുത്തണം.
ഏതെങ്കിലും പകർച്ചവ്യാധികൾ മൂലം വിദ്യാർത്ഥികൾ അവധിയിൽ പ്രവേശിക്കുകയാണെങ്കിൽ, അവരുടെ അഡ്രസ്സും ഫോൺ നമ്പറും സഹിതം വിവരങ്ങൾ ശേഖരിക്കണം. ഈ വിവരങ്ങൾ ആരോഗ്യ പ്രവർത്തകർക്കോ ഹെൽത്ത് നോഡൽ അധ്യാപകർക്കോ കൈമാറി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകും .
പകർച്ചവ്യാധികൾ എത്രയും നേരത്തെ തിരിച്ചറിയുകയാണെങ്കിൽ പെട്ടെന്ന് തന്നെ രോഗം പടരുന്നത് തടയാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും സാധിക്കും. രോഗം ഒരു പകർച്ചവ്യാധിയായി പടർന്നുപിടിക്കുന്നത് തടയുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ജൂൺ 22 മുതൽ കടകളിൽ ‘ക്ലീൻ ഷോട്ട്’ പരിശോധന
ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പായം പഞ്ചായത്തിന്റെയും ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിപണികളിൽ ‘ക്ലീൻ ഷോട്ട്’ പരിശോധന ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.
പായം പഞ്ചായത്ത് പരിധിയിലെ ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ, മറ്റ് ഭക്ഷണശാലകൾ, കൂൾബാറുകൾ, കുടിവെള്ള സ്രോതസ്സുകൾ, പൊതുസ്ഥാപനങ്ങൾ, മാർക്കറ്റുകൾ എന്നിവ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പും ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റും സംയുക്തമായി വ്യാപക പരിശോധന നടത്തും.
സ്ഥാപനങ്ങളുടെ ശുചിത്വവും പൊതുജനാരോഗ്യ മാനദണ്ഡങ്ങളും കർശനമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യം.
വിപണികളിലെ ശുചിത്വം ഉറപ്പാക്കാൻ വ്യാപാരികൾക്കായി കർശന നിർദ്ദേശങ്ങൾ അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്

