ഇരിട്ടി: ലോകകപ്പ് ഫുട്ബോളിന്റെ മറവിൽ പുകയില ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ആരോഗ്യ വകുപ്പ്.
ഫുട്ബോൾ മത്സരങ്ങളുമായി ബന്ധപ്പെട്ട് സ്ഥാപിക്കുന്ന പോസ്റ്ററുകളിൽ പുകയില ബ്രാൻഡുകളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് ആരോഗ്യ വകുപ്പ് ഹെൽത്ത് സൂപ്പർവൈസർ സി.പി. ഷാജി അറിയിച്ചു.
ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം. 2003-ലെ കോട്പ (COTPA) ആക്ട് സെക്ഷൻ 5 പ്രകാരം പുകയില ഉൽപ്പന്നങ്ങളുടെ നേരിട്ടുള്ളതോ അല്ലാത്തതോ ആയ പരസ്യങ്ങൾ, പ്രചാരണങ്ങൾ, സ്പോൺസർഷിപ്പുകൾ എന്നിവ പൂർണ്ണമായി നിരോധിച്ചിട്ടുള്ളതാണ്. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന പോസ്റ്ററുകൾ സ്ഥാപിക്കുന്നത് വലിയ കുറ്റകൃത്യമായി കണക്കാക്കും.
നിലവിൽ സ്ഥാപിച്ചിട്ടുള്ള അത്തരം പോസ്റ്ററുകൾ അടിയന്തരമായി നീക്കം ചെയ്യാനോ, അതിലെ പരസ്യഭാഗം പൂർണ്ണമായി മറയ്ക്കാനോ ബന്ധപ്പെട്ടവരോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
പരിശോധന കർശനമാക്കും
നിയമലംഘനം നടത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ഇരിട്ടി ആരോഗ്യ ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിൽ ഹെൽത്ത് ഇൻസ്പെക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്:
പടിയൂർ, ഉളിക്കൽ, വള്ളിത്തോട്, മുഴക്കുന്ന്, മാലൂർ, തില്ലങ്കേരി, കൂടാളി , കീഴല്ലൂർ എന്നീ 8 പഞ്ചായത്തുകളിലും ഇരിട്ടി നഗരസഭാ പരിധിയിലുമാണ് പരിശോധന നടക്കുക.
പി. മനോജ് കുമാർ, എ.പി. സുരേഷ്, രാജേഷ് വി.ജി., സി.കെ. ബിനോജ് , വി.എ. ബിജു എന്നിവരാണ് ചുമതലയുള്ള ഹെൽത്ത് ഇൻസ്പെക്ടർമാർ.നിയമം ലംഘിക്കുന്നവരിൽ നിന്നും പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഹെൽത്ത് സൂപ്പർവൈസർ അറിയിച്ചു.

