കണ്ണൂർ ഇരിട്ടി വാണിയപ്പാറ പള്ളിയിലെ കല്ലറ വിവാദം: ദുരൂഹതയില്ല, ഉള്ളത് രണ്ട് മൃതദേഹങ്ങൾ മാത്രം; മൂന്നാമതൊന്ന് ഇല്ലെന്ന് പോലീസ്

24 June 2026
കണ്ണൂർ ഇരിട്ടി വാണിയപ്പാറ പള്ളിയിലെ കല്ലറ വിവാദം: ദുരൂഹതയില്ല, ഉള്ളത് രണ്ട് മൃതദേഹങ്ങൾ മാത്രം; മൂന്നാമതൊന്ന് ഇല്ലെന്ന് പോലീസ്

കണ്ണൂർ: വൻ വിവാദങ്ങൾക്കും ജനങ്ങൾക്കിടയിൽ ആശങ്കകൾക്കും വഴിവെച്ച കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളിയിലെ കല്ലറയുമായി ബന്ധപ്പെട്ട ദുരൂഹതകൾക്ക് ഒടുവിൽ വിരാമം.

കല്ലറയിൽ സംശയാസ്പദമായ രീതിയിൽ മൂന്നാമതൊരു മൃതദേഹം ഇല്ലെന്ന് പോലീസ് പരിശോധനയിൽ കണ്ടെത്തി. പ്രാഥമിക പരിശോധനയിൽ ഇവിടെ രണ്ട് മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്ന് സ്ഥിരീകരിച്ചു.

സെമിത്തേരിയിൽ പുതിയൊരു മൃതദേഹം അടക്കം ചെയ്യാനായി കല്ലറ തുറന്നപ്പോഴാണ് പായയിൽ പൊതിഞ്ഞ നിലയിൽ ഒരു വസ്തു കണ്ടെത്തിയത്. ഇതോടെ കല്ലറയിൽ ചട്ടവിരുദ്ധമായി മൂന്നാമതൊരു മൃതദേഹം കൂടി അടക്കം ചെയ്തിട്ടുണ്ടെന്ന സംശയമുയരുകയും, പള്ളി അധികൃതർ പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.

എന്നാൽ, സംശയത്തിനിടയാക്കിയ പായ മൃതദേഹത്തിന് അടിയിൽ വെച്ചതാണെന്നാണ് പോലീസ് ഇപ്പോൾ വ്യക്തമാക്കുന്നത്.

ഒരു മൃതദേഹത്തിന് മുകളിൽ മറ്റൊരു മൃതദേഹം അടക്കം ചെയ്യുന്ന രീതി പൊതുവെ ക്രിസ്ത്യൻ ആചാരപ്രകാരം പതിവില്ലാത്തതിനാൽ പ്രദേശവാസികൾക്കിടയിൽ വലിയ തോതിൽ ദുരൂഹതാ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് ആർഡിഒയുടെ സാന്നിധ്യത്തിൽ കല്ലറ തുറന്ന് പരിശോധിക്കാൻ തീരുമാനിച്ചത്.

ഈ കല്ലറയിൽ 2006-ലും 2015-ലും മൃതദേഹങ്ങൾ സംസ്‌കരിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട കുടുംബങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 2015-ൽ ഇവിടെ അടക്കം ചെയ്ത ജെയിംസിന്റെ ഭാര്യ സെമിത്തേരിയിലെത്തി ഇത് തങ്ങളുടെ കുടുംബക്കല്ലറ (38-ാം നമ്പർ) തന്നെയെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

നിലവിൽ കണ്ടെത്തിയ മൃതദേഹങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ യാതൊരുവിധ അസ്വാഭാവികതയുമില്ലെന്നാണ് പോലീസ് നിഗമനം.