ഇരിട്ടി : വൻ വിവാദങ്ങൾക്ക് വഴിവെച്ച ഇരിട്ടി വാണിയപ്പാറ ഉണ്ണിമിശിഹാ പള്ളിയിലെ കല്ലറ തുറന്നുള്ള പരിശോധനയിൽ സംശയാസ്പദമായി യാതൊന്നും കണ്ടെത്തിയില്ലെന്ന് കല്ലറയിൽ ഇറങ്ങി മൃതദേഹങ്ങൾ പുറത്തെടുത്ത കോഴിക്കോട് സ്വദേശി മഠത്തിൽ അബ്ദുൽ അസീസ് വ്യക്തമാക്കുന്നു.
കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും മൂന്നാമതൊരു മൃതദേഹത്തിന്റെ സാന്നിധ്യമില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
തഹസിൽദാർ, അഡീഷനൽ പോലീസ് സൂപ്രണ്ട്, ഫൊറൻസിക് സംഘം എന്നിവരുടെ സാന്നിധ്യത്തിൽ രാവിലെ പത്തരയോടെയാണ് കല്ലറ തുറന്ന് പരിശോധിച്ചത്.
കോഴിക്കോട് സരോവരത്ത് കണ്ടെത്തിയ യുവാവിന്റെ മൃതദേഹം ഉൾപ്പെടെ നിരവധി കേസുകളിൽ മൃതദേഹങ്ങൾ പുറത്തെടുക്കാൻ നേതൃത്വം നൽകിയ അബ്ദുൽ അസീസിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് വാണിയപ്പാറയിലും പരിശോധന നടത്തിയത്.
പരിശോധനയിലെ പ്രധാന കണ്ടെത്തലുകൾ:
ആദ്യ മൃതദേഹം (സ്ത്രീയുടേത്): ആദ്യം പായയിൽ പൊതിഞ്ഞ രീതിയിലാണ് മൃതദേഹം എന്ന് കരുതിയിരുന്നതെങ്കിലും, മൃതദേഹം പെട്ടിയിൽ വച്ചശേഷം പായ മടക്കി അതിനു മുകളിൽ വച്ചതാണെന്ന് അസീസ് വ്യക്തമാക്കി. വെള്ളത്തുണിയിലും പട്ടുതുണിയിലും പൊതിഞ്ഞ നിലയിലായിരുന്ന ഈ മൃതദേഹത്തിന്റെ തലയോട്ടി, ആറ് പല്ലുകൾ, കൈകാലുകളിലെ ചില എല്ലുകൾ എന്നിവ മാത്രമാണ് അവശേഷിച്ചിരുന്നത്. കൂടാതെ കല്ലറയിൽ നിന്ന് കൊന്തയും മാലയും കണ്ടെടുത്തു. കല്ലറയുടെ അടിഭാഗം കോൺക്രീറ്റ് ചെയ്ത നിലയിലായിരുന്നു.
രണ്ടാമത്തെ മൃതദേഹം (പുരുഷന്റേത്): വെള്ളത്തുണിക്കുള്ളിൽ പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ നിലയിലായിരുന്നു ഈ മൃതദേഹം. പ്ലാസ്റ്റിക് ഷീറ്റിന്റെ സംരക്ഷണമുണ്ടായിരുന്നതിനാൽ എല്ലുകളും പല്ലുകളും കേടുപാടുകൾ കൂടാതെ പൂർണ്ണരൂപത്തിൽ ലഭിച്ചു.
കണ്ടെത്തിയ ശരീരഭാഗങ്ങൾ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി ഫൊറൻസിക് വിഭാഗം ശേഖരിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പോലീസും സ്ഥിരീകരിച്ചു. എങ്കിലും കൃത്യത ഉറപ്പുവരുത്തുന്നതിനായി ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള തുടർനടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനം.

