കണ്ണൂർ: ജില്ലയിൽ ലഹരിമരുന്നിനെതിരെ നടക്കുന്ന ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയുടെ ഭാഗമായി വലിയ അളവിൽ മെത്താഫിറ്റാമിനുമായി രണ്ട് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മാണിയൂർ സ്വദേശികളായ ഷമീം, ഷംസീർ കെ.കെ. എന്നിവരാണ് ചെക്കികുളം ഭാഗത്ത് വെച്ച് പിടിയിലായത്. ഇവരിൽ നിന്ന് 7.369 ഗ്രാം മെത്താഫിറ്റാമിൻ എക്സൈസ് സംഘം പിടിച്ചെടുത്തു.
എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ സുഹൈൽ പി.പി., ഗണേഷ് ബാബു പി.വി. എന്നിവർക്ക് ലഭിച്ച കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പ്രദേശത്ത് വ്യാപകമായി മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘങ്ങളെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികൾ കുറച്ചുനാളുകളായി എക്സൈസ് സംഘത്തിന്റെ കർശന നിരീക്ഷണത്തിലായിരുന്നു.
പിടിയിലായ ഷമീമും ഷംസീറും പള്ളിപ്പറമ്പ്, ചെക്കികുളം, കമ്പിൽ തുടങ്ങിയ പ്രദേശങ്ങളിലെ ലഹരിമരുന്ന് വിൽപ്പന ശൃംഖലയിലെ പ്രധാനികളാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ സിയാദ് എസ്സിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ പുരുഷോത്തമൻ സി, അജിത്ത് സി, പ്രിവന്റീവ് ഓഫീസർമാരായ സുഹൈൽ പി.പി, ഹരിദാസൻ കെ.വി, ഷൈന വി.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി.വി, സുജേഷ് എം.വി, സായൂജ്, ദീപു പ്രദീപ് എന്നിവരും ലഹരിവേട്ട നടത്തിയ എക്സൈസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

