കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി

1 July 2026
കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ജയിൽ ഉദ്യോഗസ്ഥർക്കും തടവുകാർക്കും പരിക്ക്.

പ്രിസൺ ഓഫീസർ ഉൾപ്പെടെ അഞ്ച് ജയിൽ ഉദ്യോഗസ്ഥർക്കും ആറ് തടവുകാർക്കുമാണ് സംഭവത്തിൽ പരിക്കേറ്റത്. സംഘർഷം തടയാനെത്തിയ ജയിൽ ജീവനക്കാരെ തടവുകാർ കൂട്ടമായി മർദിക്കുകയായിരുന്നു.

പരിക്കേറ്റ 11 പേരും നിലവിൽ ചികിത്സ തേടിയിട്ടുണ്ട്. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി.

ബുധനാഴ്ച ഉച്ചയോടെയാണ് ജയിലിനുള്ളിൽ നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. തടവുകാർ തമ്മിൽ ഏറ്റുമുട്ടുന്നതിനിടെ മലപ്പുറം സ്വദേശിയായ ഒരു തടവുകാരൻ സ്വന്തം ശരീരത്തിൽ ബ്ലെയ്ഡ് ഉപയോഗിച്ച് മുറിവുകളുണ്ടാക്കി. ഇതറിഞ്ഞ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് എത്തിയതോടെയാണ് സ്ഥിതിഗതികൾ കൂടുതൽ വഷളായത്. ആ ബ്ലോക്കിലെ തടവുകാരെല്ലാം ഒത്തുചേർന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് നേരെ തിരിയുകയും ആക്രമിക്കുകയുമായിരുന്നു.

കാപ്പ തടവുകാർ ഉൾപ്പെടെയുള്ളവർ ജയിലിനുള്ളിൽ പലപ്പോഴും ബോധപൂർവ്വം പ്രകോപനം സൃഷ്ടിക്കാറുണ്ടെന്ന് ജയിൽ അധികൃതർ പറഞ്ഞു. ജയിലിലെ ചില നിയന്ത്രണങ്ങൾ കർശനമാക്കാൻ ശ്രമിക്കുമ്പോഴാണ് ഇത്തരത്തിൽ സംഘർഷങ്ങൾ ഉണ്ടാകാറുള്ളത്.

സംഭവവുമായി ബന്ധപ്പെട്ട് ജയിൽ അധികൃതർ പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.