കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിൽ കോടതിയുടെ കസ്റ്റഡിയിൽ നിന്ന് കാണാതായ നിർണായക തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി.
എറണാകുളം സിജെഎം കോടതിയുടെ കസ്റ്റഡിയിൽ നിന്ന് കാണാതായ തൂവാല കോടതി കെട്ടിടത്തിനുള്ളിൽ നിന്ന് തന്നെയാണ് ഒടുവിൽ കണ്ടെത്തിയിരിക്കുന്നത്. തൊണ്ടിമുതൽ കാണാതായ സംഭവത്തിൽ കൊച്ചി സിബിഐ കോടതി നേരത്തെ റിപ്പോർട്ട് തേടിയിരുന്നു.
കഴിഞ്ഞ മെയ് 12-ന് കേസ് പരിഗണിക്കുന്നതിനിടെയാണ് കേസിൽ ഏറെ നിർണായകമായ ഈ തൂവാല ഹാജരാക്കാൻ സിബിഐ ആവശ്യപ്പെട്ടത്.
ഇതിനെത്തുടർന്ന് സിജെഎം കോടതിയിൽ സൂക്ഷിച്ചിരുന്ന തൂവാലയടങ്ങിയ സീൽവെച്ച കവർ പ്രത്യേക സിബിഐ കോടതിയിൽ എത്തിച്ചപ്പോഴാണ് തൂവാല കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്.
ഏറെ വിവാദങ്ങൾക്ക് വഴിവെച്ചത് ഈ കവറിന് മുകളിൽ എഴുതിയിരുന്ന വിചിത്രമായ കുറിപ്പായിരുന്നു. കവറിന് മുകളിൽ “തൂവാല കാണുന്നില്ല, എലി കൊണ്ടുപോയി” എന്ന് രേഖപ്പെടുത്തിയിരുന്നു.
ഇതോടെ കേസ് അട്ടിമറിക്കാൻ വേണ്ടി ആസൂത്രിതമായി തൊണ്ടിമുതൽ എടുത്തുമാറ്റിയതാണെന്ന ഗുരുതര ആരോപണവുമായി സിബിഐ രംഗത്തെത്തി.
തുടർന്നാണ് കൊച്ചി സിബിഐ കോടതി ഈ വിഷയത്തിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടത്. എന്നാൽ വിവാദങ്ങൾക്കെല്ലാം വിരാമമിട്ടുകൊണ്ട്, കാണാതായ ആ നിർണായക തെളിവ് ഇപ്പോൾ കോടതിയിൽ നിന്ന് തന്നെ തിരികെ ലഭിച്ചിരിക്കുകയാണ്.

