ഇരിട്ടി: യാത്രക്കാരുടെ ജീവന് ഭീഷണിയാകുംവിധം തേഞ്ഞുതീർന്ന ടയറുകളുമായി സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് ഉൾപ്പെടെ എട്ട് ബസുകൾക്കെതിരെ മോട്ടർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു.
കാലവർഷത്തോടനുബന്ധിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇരിട്ടി ജോയിന്റ് ആർടിഒ ആന്റണി മൈക്കിളിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രത്യേക മൺസൂൺ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
പരിശോധനയിൽ ഒരു കെഎസ്ആർടിസി ബസും 7 സ്വകാര്യ ബസുകളും അപകടകരമായ രീതിയിൽ തേഞ്ഞുതീർന്ന ടയറുകളുപയോഗിച്ചാണ് സർവീസ് നടത്തിയിരുന്നതെന്ന് വ്യക്തമായി.
മഴക്കാലത്ത് ഇത്തരം ടയറുകൾ വഴുതിമാറി വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നതിനാൽ, ഈ വാഹനങ്ങളുടെ സർവീസ് അധികൃതർ ഉടനടി തടഞ്ഞു.ടയറുകൾ മാറ്റിയശേഷമേ സർവീസ് നടത്താവൂ എന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.
വരുംദിവസങ്ങളിലും എല്ലാ വാഹനങ്ങളിലും വ്യാപകമായ പരിശോധന തുടരുമെന്ന് മോട്ടർ വാഹന വകുപ്പ് അറിയിച്ചു.

